മൂസെ വാലെയുടെ സുരക്ഷ പിൻവലിച്ച തീരുമാനം: അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് സർക്കാർ
text_fieldsന്യൂഡൽഹി: ഗായകൻ സിദ്ധു മൂസെ വാലെയുടെ സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മൂസെ വാലെയുടെ പിതാവ് ബൽകൗർ സിങ് നൽകിയ പരാതിയിലാണ് നടപടി. മകന്റെ മരണത്തിൽ കേന്ദ്ര ഏജൻസികൾ, സി.ബി.ഐ, എൻ.ഐ.എ എന്നിവരുടെ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബൽകൗർ സിങ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
കുറ്റവാളികൾ രക്ഷപ്പെടില്ല. കേസ് ഹൈകോടതി സിറ്റിങ് ജഡ്ജ് അന്വേഷിക്കും. പഞ്ചാബ് സർക്കാർ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു.
മൂസെ വാലെ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുണ്ടാസംഘങ്ങളിൽ നിന്ന് ഫോൺ കാൾ ലഭിച്ചിരുന്നെന്ന് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. താൻ മൂസെ വാലയുടെ കാറിനു പിറകെ അംഗരക്ഷകർക്കൊപ്പം സഞ്ചരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കാറിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവെയാണ് മൂസെ വാലെയെ അക്രമികൾ വെടിവെച്ച് കൊന്നത്. മൂസെ വാലെ ഉൾപ്പടെ 424 വി.ഐ.പികൾക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിനു തൊട്ടടുത്ത ദിവസമാണ് സംഭവം.
നിരവധി പഞ്ചാബി ഹിറ്റുഗാനങ്ങളിലൂടെ ശ്രദ്ധേയനായ മൂസെ വാലെ കഴിഞ്ഞ വർഷമാണ് കോൺഗ്രസിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എ.എ.പിയുടെ വിജയ് സിംഗലയോട് പരാജയപ്പെടുകയായിരുന്നു.
വാലെയുടെ കൊലപാതമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് മൂസെ വാലെയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.