കേരളത്തിനും തമിഴ്നാടിനും പിന്നാലെ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് പഞ്ചാബ് ഗവർണറും
text_fieldsചണ്ഡീഗഡ്: കേരള ഗവർണർക്കും തമിഴ്നാട് ഗവർണർക്കും പിന്നാലെ, നിയമസഭ പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്കയച്ച് പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്. പഞ്ചാബ് സർക്കാറും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാക്കിക്കൊണ്ടാണ് ബില്ലുകൾ രാഷ്ട്രപതിക്കയച്ചിരിക്കുന്നത്.
സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള ബില്ലും രാഷ്ട്രപതിക്ക് അയച്ചവയിൽ ഉൾപ്പെടും. ഇത് കൂടാതെ സിഖ് ഗുരുദ്വാര ഭേദഗതി ബിൽ, പഞ്ചാബ് പൊലീസ് ഭേദഗതി ബിൽ എന്നിവയാണ് അയച്ചത്. കഴിഞ്ഞ ജൂണിൽ നിയമസഭ പാസ്സാക്കി ഗവർണർക്ക് അയച്ച ബില്ലുകളാണ് ഇവ.
ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നത് നീണ്ടതോടെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കാനാവില്ലെന്നും നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ലെന്നുമുള്ള നിർണായക ഉത്തരവാണ് ഈ ഹരജിയിൽ സുപ്രീംകോടതി വിധിച്ചത്. ബില്ലുകൾ മുന്നിലെത്തുമ്പോൾ അതിന് അനുമതി നൽകുകയോ അനുമതി നൽകാതെ തിരിച്ചയക്കുകയോ പ്രസിഡന്റിന്റെ അഭിപ്രായം തേടുകയോ ചെയ്യാം. തീരുമാനമെടുക്കുന്നത് അനന്തമായി നീട്ടാനാവില്ല -സുപ്രീംകോടതി പറഞ്ഞിരുന്നു.
കേരള, തമിഴ്നാട് ഗവർണർമാർക്കെതിരെ സംസ്ഥാന സർക്കാറുകൾ കോടതിയിലെത്തിയപ്പോഴും പഞ്ചാബ് കേസിലെ ഈ വിധിയാണ് കോടതി പരാമർശിച്ചത്. തുടർന്ന്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു ബില്ലിൽ ഒപ്പിടുകയും ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.