എന്തുകൊണ്ട് മൂസെ വാലയുടെ സുരക്ഷ പിൻവലിച്ചു? -ആപ് സർക്കാറിനോട് ഹൈകോടതി
text_fieldsന്യൂഡൽഹി: എന്തുകൊണ്ടാണ് പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ സുരക്ഷ ഒഴിവാക്കിയെതെന്ന് എ.എ.പി സർക്കാറിനോട് ചോദിച്ച് പഞ്ചാബ്-ഹരിയാന ഹൈകോടതി. സുരക്ഷ പിൻവലിച്ചവരുടെ വിവരങ്ങൾ എങ്ങനെ ചോർന്നെന്നും കോടതി ആരാഞ്ഞു. സർക്കാറിനോട് ജൂൺ 2നകം മറുപടി നൽകാനും കോടതി നിർദേശിച്ചു.
മൂസെ വാല ഉൾപ്പടെ 424 വി.ഐ.പികൾക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് 29കാരനായ ഗായകനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്.
സുരക്ഷ പിൻവലിച്ചതിനു പിന്നാലെ മൂസെവാലെ, അകൽ താഖ്ത് ജതെദർ, ജയ്നി ഹർപ്രീത് സിങ് എന്നിവരെ പരാമർശിച്ച്, പഞ്ചാബിലെ വി.വി.ഐ.പി സംസ്കാരത്തിന് മറ്റൊരു അക്രമണം എന്ന അടിക്കുറിപ്പോടെ പാർട്ടിയുടെ ട്വിറ്റർ അകൗണ്ടിലൂടെ പോസ്റ്റർ പങ്കുവെച്ചതിന് എ.എ.പിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് മൂസെ വാലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ ലോറൻസ് ബിഷണോയി, ഗോൾഡി ബ്രാർ സംഘങ്ങൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
നിരവധി പഞ്ചാബി ഹിറ്റുഗാനങ്ങളിലൂടെ ശ്രദ്ധേയനായ മൂസേ വാല കഴിഞ്ഞ വർഷമാണ് കോൺഗ്രസിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എ.എ.പിയുടെ വിജയ് സിംഗലയോട് പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.