വൃത്തിഹീനമെന്ന് ജനങ്ങളുടെ പരാതി; വൈസ് ചാൻസലറെ ആശുപത്രി കിടക്കയിൽ കിടത്തി പഞ്ചാബ് മന്ത്രി
text_fieldsചണ്ഡീഗഡ്: സർക്കാർ ആശുപത്രിയിലെ കിടക്കകൾ വൃത്തിഹീനമാണെന്ന ജനങ്ങളുടെ പരാതിയെ തുടർന്ന് ആശുപത്രിയുടെ ചുമതലയുള്ള ഉന്നതോദ്യോഗസ്ഥനെ വിളിച്ചുവരുത്തി കിടക്കയിൽ കിടത്തി പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിങ്. മന്ത്രിയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
ഫരീദ്കോട്ടിലെ ഗവ. ആശുപത്രിയിലാണ് മന്ത്രി എത്തിയത്. ബാബ ഫരീദ് ഹെൽത്ത് സയൻസ് സർവകലാശാലക്ക് കീഴിലുള്ളതാണ് ആശുപത്രി. സർവകലാശാല വൈസ് ചാൻസലർ ഡോ. രാജ് ബഹാദൂറിനെയാണ് മന്ത്രി വിളിച്ചുവരുത്തിയത്. തുടർന്ന് പരാതിയുയർന്ന കിടക്കകളിൽ കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ നടപടി.
മന്ത്രിയുടെ നിർദേശം അനുസരിച്ച വി.സി കിടക്കയിൽ കിടക്കുകയും ചെയ്തു. 'എല്ലാ കാര്യങ്ങളും നിങ്ങളുടെ കൈയിലാണ്' എന്ന് മന്ത്രി വി.സിയോട് പറയുന്നുമുണ്ടായിരുന്നു. കിടക്കകളുടെ വൃത്തിഹീനമായ അവസ്ഥ കണ്ടശേഷമാണ് മന്ത്രി മടങ്ങിയത്.
അതേസമയം, ആം ആദ്മി സർക്കാറിലെ മന്ത്രിയുടെത് വിലകുറഞ്ഞ നാടകമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. പ്ലസ് ടു മാത്രം പാസായ മന്ത്രിയാണ് ബാബ ഫരീദ് സർവകലാശാല വൈസ് ചാൻസലർ ഡോ. രാജ് ബഹാദൂറിനെ പരസ്യമായി അപമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് പർഗാത് സിങ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നടപടികൾ ആരോഗ്യ ജീവനക്കാരുടെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.