മൂന്ന് ഖലിസ്താൻ തീവ്രവാദികൾ അറസ്റ്റിൽ; ഭീകരാക്രമണ ശ്രമം തകർത്തെന്ന് പൊലീസ്
text_fieldsചാണ്ഡിഗഡ്: മത -സാമൂഹിക നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താനുള്ള ശ്രമം തകർത്തതായി പഞ്ചാബ് പൊലീസ്. സംഭവത്തിൽ മൂന്ന് ഖലിസ്താൻ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിലെ (കെ.എൽ.എഫ്) അംഗങ്ങളായ പട്യാലയിലെ സുഖ്‌ചെയിൻ സിങ്, മൻസയിലെ അമൃത്പാൽ സിങ്, മജിതയിലെ ജസ്പ്രീത് സിങ് എന്നിവരാണ് 28ന് അറസ്റ്റിലായത്. ഇവരിൽനിന്ന് ഒരു 0.32 പിസ്റ്റൾ, 7 വെടിയുണ്ട എന്നിവ കണ്ടെടുത്തതായും പഞ്ചാബ് ഡി.ജി.പി ദിൻകർ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത മൂന്നംഗ സംഘത്തിലെ ലവ്‌പ്രീത് സിങ്ങിന് ഇവരുമായി ബന്ധമുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
രാജ്യത്തെ സാമുദായിക ഐക്യം തകർക്കാൻ പാകിസ്താൻ, സൗദി, യു.കെ എന്നീ രാജ്യങ്ങളിലുള്ള ഖലിസ്ഥാൻ അനുകൂലികളുടെ പിന്തുണയോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് ആേരാപിച്ചു. സോഷ്യൽ മീഡിയയിലൂടെ മൂന്നുപേരും പരസ്പരം ബന്ധപ്പെട്ടിരുന്നു. പാക്കിസ്താൻ ആസ്ഥാനമായ സംഘവുമായും ബന്ധം പുലർത്തി. സുഖ്‌ചെയിനെയും ലവ്‌പ്രീത് സിങ്ങിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ് അമൃത്പാൽ സിങ് പ്രവൃത്തിച്ചതെന്നും ഡി.ജി.പി പറഞ്ഞു.
പ്രതികൾക്കെതിരെ യു.എ.പി.എ 13, 16, 18, 20 വകുപ്പുകൾ പ്രകാരവും ആയുധ ചട്ടത്തിലെ 25, 54, 59 വകുപ്പുകൾ പ്രകാരവും പട്യാല ജില്ലയിലെ സമനയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.