അമൃത്പാലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി പഞ്ചാബ് പൊലീസ്
text_fieldsചണ്ഡിഗഢ്: ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ്ങിനെ കർശനമായ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ അമൃത്സർ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചതായി പഞ്ചാബ് പൊലീസ് ചൊവ്വാഴ്ച പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതിയെ അറിയിച്ചു.
അമൃത്സർ റൂറൽ സീനിയർ പൊലീസ് സൂപ്രണ്ട് സതീന്ദർ സിങ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമൃത്പാൽ സിങ്ങിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഇമാൻ സിങ് ഖാര സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവേയാണ് പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിന് പുറമേ, അമൃത്പാലിനെതിരെ തിങ്കളാഴ്ച ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതായും പൊലീസ് വ്യക്തമാക്കി. അമൃത്പാൽ സിങ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ കാരണമായ ‘ഇന്റലിജൻസ് വീഴ്ച’യുടെ പേരിൽ ഹൈകോടതി സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. അതിസൂക്ഷ്മമായി ഓപറേഷൻ ആസൂത്രണം ചെയ്തിട്ടും അമൃത്പാൽ സിങ് കടന്നതെങ്ങനെയെന്ന് ജസ്റ്റിസ് എൻ.എസ് ശെഖാവത്ത് അഡ്വക്കറ്റ് ജനറൽ വിനോദ് ഖായിയോട് ചോദിച്ചു. അമൃത്പാലിനെ തടഞ്ഞുവെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
താൺ തരൺ, ഫിറോസ്പൂർ, മോഗ, സംഗ്രൂർ എന്നിവിടങ്ങളിലും അമൃത്സറിലെ അജ്നാല സബ് ഡിവിഷനുകളിലും മൊഹാലിയിലെ ഏതാനും പ്രദേശങ്ങളിലും മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത് പഞ്ചാബ് സർക്കാർ വ്യാഴാഴ്ച ഉച്ചവരെ നീട്ടി. അമൃത്പാൽ സിങ്ങിന്റെ അമ്മാവൻ ഹർജിത് സിങ് ഉൾപ്പെടെ മൂന്നുപേരെ അസമിലെ ദിബ്രുഗഢിലുളള അതിസുരക്ഷാ ജയിലിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.