ഗെയിം കളിച്ച് 17കാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം
text_fieldsന്യൂഡൽഹി: പബ്ജിയിൽ നടത്തിയ ഇടപാടുകളിലൂടെ 17കാരൻ നഷ്ടപ്പെടുത്തിയത് രക്ഷിതാക്കളുടെ 16 ലക്ഷം രൂപ. ആപ്പിനുള്ളിൽ വിവിധ സാധനങ്ങൾ വാങ്ങുന്നതിനായാണ് ഇത്രയും തുക ചെലവഴിച്ചത്. ഗെയിം കോസ്മെറ്റിക് സാധനങ്ങൾ, പീരങ്കികൾ, ടൂർണമെൻറിനുള്ള പാസുകൾ, വെടിയുണ്ടകൾ എന്നിവയാണ് വാങ്ങിയത്. പിതാവിൻെറ ആശുപത്രി ചെലവിനായി നീക്കിവെച്ച തുകയാണ് പഞ്ചാബിലെ ഖാഗർ സ്വദേശിയായ 17കാരൻ നഷ്ടപ്പെടുത്തിയത്.
ലോക്ഡൗണിനിടെ ഓൺലൈൻ പഠനത്തിനായാണ് കുട്ടിക്ക് രക്ഷിതാക്കൾ മൊബൈൽ നൽകിയത്. ഫോണിൽ കുട്ടിയുടെ പിതാവിൻെറ ബാങ്ക് അൗക്കൗണ്ട് വിവരങ്ങളുണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് ഇടപാട് നടത്തിയത്. ഒരു മാസത്തിനിടെ നടത്തിയ ഇൻ-ഗെയിം ട്രാൻസാക്ഷനുകളിലാണ് ഇത്രയും തുക നഷ്ടമായത്.
ബാങ്കിൽ നിന്ന് തുക പിൻവലിക്കുേമ്പാൾ മൊബൈലിലേക്ക് വന്ന മെസേജുകളെല്ലാം കുട്ടി ഡിലീറ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണവും ഇത്തരത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപയോഗിച്ചു. പിന്നീട് അക്കൗണ്ടിൽ സീറോ ബാലൻസ് ആയതിനെ തുടർന്നാണ് രക്ഷിതാക്കൾ വിവരമറിയുന്നത്.
സംഭവമറിഞ്ഞതിന് പിന്നാലെ കുട്ടിയെ രക്ഷിതാക്കൾ സ്കൂട്ടർ റിപ്പയറിങ് കടയിൽ ജോലിക്ക് വിട്ടു. അവനെ സുഖമായി വീട്ടിലിരിക്കാൻ ഞാൻ അനുവദിക്കില്ല. അതുകൊണ്ടാണ് മകൻ സ്കൂട്ടർ റിപ്പയറിങ് ഷോപ്പിൽ ജോലിക്കയച്ചത്. പണമുണ്ടാക്കുന്നതിൻെറ ബുദ്ധിമുട്ട് അവൻ തിരിച്ചറിയട്ടെ. മകൻെറ ഭാവി പഠനത്തിനായി ശേഖരിച്ച പണമാണ് അവൻ ഗെയിം കളിച്ച് നശിപ്പിച്ചത്. ഇനിയെന്താവുമെന്ന് തനിക്കറിയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.