ആരോഗ്യമന്ത്രി ആശുപത്രിക്കിടക്കയിൽ കിടത്തിയതിന് രാജിവെച്ച മുതിർന്ന ഡോക്ടറെ അനുനയിപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി
text_fieldsചണ്ഡീഗഢ്: സർക്കാർ ആശുപത്രിയിൽ പരിശോധനക്കെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിങ് ജൗരമജ്ര വൃത്തിഹീനമായ കിടക്കയിൽ കിടത്തിയതിന്റെ പേരിൽ രാജി വെച്ച മുതിർന്ന ഡോക്ടറെ അനുനയിപ്പിക്കാൻ എ.എ.പി സർക്കാർ രംഗത്ത്.
ബാബ ഫരീദ് യൂനിവേഴ്സിറ്റി ഹെൽത്ത് സയൻസസ് വൈസ് ചാൻസലറായ ഡോ. രാജ് ബഹാദൂർ ആണ് രാജിവെച്ചത്. ഇദ്ദേഹത്തോട് സ്ഥാനത്തു തുടരണമെന്നഭ്യർഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സംസാരിച്ചിരുന്നു. എന്നാൽ രാജിക്കത്ത് പിൻവലിക്കാൻ ഡോ. ബഹാദൂർ തയാറായില്ല. തിങ്കളാഴ്ച ഡോക്ടറുമായി കൂടിക്കാഴ്ച നടത്താനിരിക്കയാണ് മുഖ്യമന്ത്രി.മുതിർന്ന ഡോക്ടറെ വൃത്തിഹീനമായ ആശുപത്രി കിടക്കയിൽ കിടത്തിയ ആരോഗ്യ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മന്ത്രിയുടെത് വിലകുറഞ്ഞ നാടകമാണെന്ന് കോൺഗ്രസ് നേതാവ് പർഗട്ട സിങ് വിമർശിച്ചിരുന്നു.
വി.സിയെ ആരോഗ്യ മന്ത്രി പരസ്യമായി അവഹേളിക്കുന്ന വിഡിയോ വൈറലായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വി.സി മുഖ്യമന്ത്രിക്ക് രാജിക്കത്ത് അയക്കുകയായിരുന്നു. അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, അമൃത്‌സറിലെ ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ-ഡയറക്ടർ, അമൃത്‌സറിലെ ഗവൺമെന്റ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ഗുരുനാനാക് ദേവ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സൂപ്രണ്ട് എന്നീ സ്ഥാനങ്ങളിൽ നിന്ന് യഥാക്രമം ഡോ.രാജീവ് ദേവ്ഗൺ, ഡോ.കെ.ഡി. സിങ് എന്നിവരും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് ഇരുവരും രാജിക്കത്ത് നൽകിയത്. അഴിമതിക്കേസിൽ മുൻ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയതിനുപിന്നാലെയാണ് ചേതൻ സിങ് ജൗരമജ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്.
ആശുപത്രി വാർഡുകളിലെ ശുചിത്വത്തെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെയാണ് ആരോഗ്യ മന്ത്രി ഫരീദ്കോട്ടിലെ ബാബാ ഫരീദ് യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സന്ദർശിക്കാനെത്തിയത്. മാധ്യമപ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കുമൊപ്പമാണ് മന്ത്രിയെത്തിയത്. മന്ത്രിയുടെ നിർദേശപ്രകാരം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ രാജ് ബഹദൂർ സിങ് വൃത്തിയില്ലാത്ത കിടക്കയിൽ കിടന്നു. പിന്നാലെ വൈസ് ചാൻസലർ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ 'എല്ലാം നിങ്ങളുടെ കൈയിലാണ്', 'എല്ലാം നിങ്ങളുടെ കൈയിലാണെ'ന്ന് മന്ത്രി വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.