നാലു മുസ്‌ലിം കുടുംബങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ പഞ്ചാബ് ഗ്രാമം; 100 രൂപ മുതല്‍ ഒരു ലക്ഷം വരെ സംഭാവന
text_fieldsചണ്ഡീഗഢ്: മതസൗഹാര്‍ദത്തിന് മാതൃകയായി വാര്‍ത്തകളില്‍ നിറയുകയാണ് പഞ്ചാബിലെ മോഗയിലെ ഭൂലര്‍ എന്ന ഗ്രാമം. ആകെ നാലു മുസ്‌ലിം കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. 1947ലെ വിഭജന കാലത്ത് ഇന്ത്യ വിടാതെ ഗ്രാമത്തില്‍ തന്നെ തുടര്‍ന്നവരാണ് ഇവര്‍. ഇവര്‍ക്ക് പള്ളി പണിയാനാണ് ഗ്രാമീണര്‍ ഇപ്പോള്‍ ഒന്നിച്ചത്.
ഏഴ് ഗുരുദ്വാരകളും രണ്ടു ക്ഷേത്രങ്ങളും ഉള്ള ഭൂലര്‍ ഗ്രാമത്തില്‍ ഒരു മസ്ജിദ് പോലുമില്ലായിരുന്നു. നിര്‍മാണത്തിന് വേണ്ടി ധനശേഖരണത്തിന് ഇറങ്ങിയപ്പോള്‍ 100 രൂപ മുതല്‍ ഒരു ലക്ഷം വരെ ഗ്രാമീണര്‍ സംഭാവന നല്‍കി.
ഞായറാഴ്ചയായിരുന്നു ശിലാസ്ഥാപനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കനത്ത മഴ തടസ്സമായപ്പോള്‍ ചടങ്ങ് സമീപത്തെ ഗുരുദ്വാരയിലേക്ക് മാറ്റി. അങ്ങനെ, പള്ളിയുടെ ശിലാസ്ഥാപന ചടങ്ങ് നാട്ടുകാരുടെ മുഴുവന്‍ സാന്നിധ്യത്തില്‍ ഗുരുദ്വരയില്‍ നടന്നു.
രാജ്യം സ്വാതന്ത്ര്യമാകുന്നതിന് മുമ്പ് ഗ്രാമത്തില്‍ ഒരു മുസ്‌ലിം പള്ളി ഉണ്ടായിരുന്നു. എന്നാല്‍, കാലപ്പഴക്കം കാരണം അത് തകര്‍ന്നു. അതിനാല്‍, മുമ്പ് പള്ളിയുണ്ടായിരുന്ന സ്ഥലത്ത് തന്നെ പുതിയ പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചു. ഇവിടെ എല്ലാ മതവിശ്വാസികളും ഐക്യത്തിലാണ് കഴിയുന്നത് -ഗ്രാമമുഖ്യന്‍ പാല സിങ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.