'പഞ്ചാബിൽ എ.എ.പി സർക്കാർ അധികാരത്തിലെത്തിയതോടെ ക്രമസമാധാന നില വഷളായി'- ഭൂപേഷ് ബാഗേൽ
text_fieldsറായ്പൂർ: പഞ്ചാബിൽ ആം ആദ്മി സർക്കാർ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെച്ചൊല്ലിയാണ് അദ്ദേഹത്തിന്‍റെ പരാമർശം.
"വർഷങ്ങളോളം പഞ്ചാബിലെ നില സമാധാനപരമായിരുന്നു. എന്നാൽ സംസ്ഥാനത്ത് എ.എ.പി സർക്കാർ അധികാരത്തിലെത്തിയതോടെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണ്"- ഭൂപേഷ് ബാഗേൽ പറഞ്ഞു.
ഒളിവിൽ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിനെ ചൊവ്വാഴ്ചയാണ് പഞ്ചാബ് പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. അമൃത്പാൽ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ പത്രസമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനായി കേന്ദ്ര ഏജൻസികളുടെ പൂർണ സഹകരണവുമുണ്ട്. സംസ്ഥാനത്ത് സമാധാനം നിലനിർത്തുന്നതിനായി അദ്ദേഹത്തിന്‍റെ 154 അനുയായികളെ ഇതുവരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അമൃത്‌പാലിന്റെ അടുത്ത സഹായികളിലൊരാളായ ലവ്‌പ്രീത് തൂഫനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 23ന് അജ്‌നാല പൊലീസ് സ്‌റ്റേഷനിൽ അദ്ദേഹത്തിന്‍റെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയതിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്. തൂഫാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമൃത്‌പാലിന്റെ ആയിരക്കണക്കിന് അനുയായികൾ സ്റ്റേഷനിലേക്ക് ഇരച്ച് കയറുകയും വാളുകളും തോക്കുകളും ഉയർത്തി പൊലിസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.