സത്ലജ്-യമുന കനാൽ നിർമിച്ചാൽ പഞ്ചാബ് കത്തും; കേന്ദ്രത്തോട് അമരീന്ദർ സിങ്
text_fieldsന്യൂഡൽഹി: സത്ലജ്-യമുന കനാൽ നിർമാണം പൂർത്തീകരിച്ചാൽ പഞ്ചാബ് കത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്. പഞ്ചാബും ഹരിയാനയും തമ്മിൽ ജലം പങ്കുവെക്കുന്നത് സംബന്ധിച്ചുള്ള തർക്കം ദേശീയ സുരക്ഷാ പ്രശ്നമായി മാറുമെന്നും പഞ്ചാബ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് അമരീന്ദർ സിങ് ഇക്കാര്യം പറഞ്ഞത്.
''നിങ്ങൾ ഇക്കാര്യം ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തി നോക്കിക്കാണണം. സത്ലജ്-യമുന ലിങ്ക് കനാലുമായി പോകാൻ നിങ്ങൾ തീരുമാനിച്ചാൽ പഞ്ചാബ് കത്തും. അതൊരു ദേശീയ പ്രശ്നമായി മാറും. ഹരിയാനയും രാജസ്ഥാനുമെല്ലാം അതിൻെറ അനന്തര ഫലം അനുഭവിക്കും. '' - അമരീന്ദർ സിങ് പറഞ്ഞു.
ജലലഭ്യത സമയക്രമത്തിനനുസരിച്ച് പരിശോധിക്കുവാൻ ഒരു ട്രിബ്യൂണൽ വേണമെന്ന ആവശ്യം അദ്ദേഹം യോഗത്തിൽ ആവർത്തിച്ചു. ''ഞങ്ങളുടെ പക്കൽ ജലമുണ്ടെങ്കിൽ ഞാൻ എന്തിന് അത് നൽകാൻ വിസമ്മതിക്കണം''? അദ്ദേഹം ചോദിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയുമായി ചർച്ചക്ക് തയാറാണെന്നും അമരീന്ദർ സിങ് പറഞ്ഞു.
പതിറ്റാണ്ടുകൾ നീണ്ട സത്ലജ്-യമുന കനാൽ നിർമാണം പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു. ഇതു പ്രകാരമാണ് കനാലുമായി ബന്ധപ്പെട്ട് യോഗം നടന്നത്.
1966ലാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ ജല തർക്കമുണ്ടാവുന്നത്. ഹരിയാന വലിയ അളവിൽ നദീജലം ആവശ്യപ്പെട്ടു. എന്നാൽ അത് നൽകാൻ പഞ്ചാബ് തയാറായില്ല. അധിക ജലം ഇല്ലെന്നായിരുന്നു പഞ്ചാബിൻെറ വിശദീകരണം. തുടർന്ന് 1975ൽ ഇന്ദിര ഗാന്ധി സർക്കാർ ഒരു എക്സിക്യൂട്ടീവ് ഓർഡർ വഴി നദീജലം ഇരു സംസ്ഥാനങ്ങൾക്കുമായി വീതം വെച്ചു. ജലം പങ്കുവെക്കാനായി കനാൽ കമീഷൻ ചെയ്തു.
1982ൽ കനാലിൻെറ നിർമാണം തുടങ്ങി. ഇതിനെതിരെ ശിരോമണി അകാലിദളിൻെറ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറി. തുടർന്ന് 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശിരോമണി അകാലിദൾ നേതാവ് ഹർചന്ദ് സിങ് ലോങ്കോവാളുമായി ചർച്ച നടത്തുകയും കനാൽ വിഷയത്തിൽ ഒരു ട്രിബ്യൂണൽ സ്ഥാപിക്കാമെന്ന ഉടമ്പടിയിൽ ഒപ്പു വെക്കുകയും ചെയ്തു. ഉടമ്പടി ഒപ്പു വെച്ച് ഒരു മാസം തികയുന്നതിന് മുമ്പ് ലോങ്കോവാൾ തീവ്രവാദികളാൽ കൊല്ലപ്പെട്ടു.
1990ൽ, കനാലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചീഫ് എഞ്ചിനീയർ എം.എൽ. സേക്രി, സൂപ്രണ്ട് എഞ്ചിനീയർ അവതാർ സിങ് ഔലഖ് എന്നിവരും തീവ്രവാദികളുടെ കൈകളാൽ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.