ചണ്ഡീഗഡിനെതിരായ കേന്ദ്ര നീക്കത്തിനെതിരെ പോരാടുമെന്ന് ഭഗവന്ത് മാൻ
text_fieldsചണ്ഡീഗഡ്: പഞ്ചാബിന്‍റെ തലസ്ഥാനമായ ചണ്ഡീഗഡിന്‍റെ അവകാശത്തിനായി ആം ആദ്മി സർക്കാർ ശക്തമായി പോരാടുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ചണ്ഡീഗഡിന്‍റെ ഭരണത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നതിലൂടെ 1966ലെ പഞ്ചാബ് പുനഃസംഘടന നിയമം കേന്ദ്ര സർക്കാർ ലംഘിച്ചുവെന്ന് മാൻ ആരോപിച്ചു. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ട്വിറ്ററിലൂടെയാണ് പഞ്ചാബ് മുഖ്യമന്ത്രി പ്രതിഷേധിച്ചത്.
കേന്ദ്രഭരണ പ്രദേശങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58ൽ നിന്ന് 60തായി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോദി സർക്കാർ വലിയൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ അടുത്ത സാമ്പത്തിക വർഷം മുതൽ ചണ്ഡീഗഡ് ഭരണകൂടത്തിലെ ജീവനക്കാർക്ക് ആനുകൂല്യം ലഭിച്ച് തുടങ്ങുമെന്നും ഇത് ദീർഘത്തേക്ക് നിലനിൽക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രിയുടെ പരാമർശത്തെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും അകാലിദളും രൂക്ഷമായി വിമർശിച്ചു. എ.എ.പിയുടെ ഉയർച്ചയെ ഭയക്കുന്നത് കൊണ്ടാണ് കേന്ദ്രം ഇത്തരത്തിലുള്ള തീരുമാനമെടുക്കുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
2017 മുതൽ 2022 വരെ പഞ്ചാബ് കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് ചണ്ഡീഗഡിന്‍റെ അധികാരം എടുത്തുകളയാത്ത കേന്ദ്ര സർക്കാർ ആം ആദ്മി പാർട്ടി ഭരണത്തിലെത്തിയപ്പോൾ അധികാരം എടുത്തു കളയുകയാണെന്ന് സിസോദിയ ട്വീറ്റിൽ കുറ്റപ്പെടുത്തി.
ഡൽഹിയിലും സമാനരീതിയിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി എ.എ.പി നേരത്തെ ആരോപിച്ചിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.