സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ വിതരണം ചെയ്യാനുള്ള തീരുമാനം പഞ്ചാബ് സർക്കാർ റദ്ദാക്കി
text_fieldsന്യൂഡൽഹി: 18 മുതൽ 44 വയസ് വരെയുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ വഴി കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള തീരുമാനം പഞ്ചാബിലെ അമരീന്ദർ സിങ് സർക്കാർ റദ്ദാക്കി. വാക്സിൻ വിതരണം വഴി സ്വകാര്യ ആശുപത്രികൾ കൂടിയ വില ഈടാക്കുമെന്ന പ്രതിപക്ഷ പാർട്ടിയായ ശിരോമണി അകാലിദൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ വിതരണം ചെയ്യാനുള്ള തീരുമാനത്തെ സദുദ്ദേശത്തോടെ എടുക്കാത്ത സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുന്നതായി വാക്സിനേഷന്‍റെ ചുമതല വഹിക്കുന്ന വികാസ് ഗാർഗ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. കൈവശമുള്ളതും നിർമാതാക്കളിൽ നിന്ന് ലഭിക്കുന്നതുമായ മുഴുവൻ വാക്സിൻ ഡോസുകളും സ്വകാര്യ ആശുപത്രികൾ സർക്കാറിലേക്ക് തിരികെ നൽകണം. വാക്സിൻ ലഭിക്കാനായി സ്വകാര്യ ആശുപത്രികൾ നൽകിയ പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു.
പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് കോവിഡ് വാക്സിൻ വിഷയത്തിൽ അഴിമതി ആരോപണവുമായി അകാലിദൾ നേതാവ് സുഖ് ബീർ സിങ് ബാദൽ രംഗത്തെത്തിയത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനായി വാക്സിനുകൾ സ്വകാര്യ ആശുപത്രികൾക്ക് വലിയ ലാഭത്തിൽ മറിച്ചു നൽകുന്നത് ഹൈകോടതി അന്വേഷിക്കണമെന്നാണ് സുഖ് ബീർ സിങ് ആവശ്യപ്പെട്ടത്.
400 രൂപക്ക് ലഭിക്കുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് 1060 രൂപക്കാണ് നൽകുന്നത്. ഈ വാക്സിൻ 1560 രൂപക്കാണ് സാധാരണക്കാർക്ക് നൽകുന്നതെന്നും ഇത് അഴിമതിയാണെന്നും അകാലിദൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.