ദീപ് സിദ്ദുവിന്‍റെ വിഡിയോകൾ ഫേസ്ബുക്കിൽ പങ്കുവെച്ചത് വിദേശത്തുള്ള പെൺസുഹൃത്ത്
text_fieldsന്യൂഡൽഹി: പഞ്ചാബി സിനിമ താരം ദീപ് സിദ്ദുവിന്‍റെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വിശദീകരണ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വിദേശത്തുനിന്ന് സുഹൃത്ത്. അക്രമ സംഭവങ്ങൾക്ക് ശേഷം ദീപ് സിദ്ദുവിന്‍റെ വിശദീകരണങ്ങൾ വിഡിയോയായി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇത് വിദേശത്തുള്ള സുഹൃത്താണ് പങ്കുവെച്ചിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ദീപ് സിദ്ദു ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. ഡൽഹി പൊലീസ് സിദ്ദുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. നടനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പൊലീസ് പാരിേതാഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ദീപ് സിദ്ദുവിന്‍റെ വിദേശത്തുള്ള വനിത സുഹൃത്താണ് ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് വിഡിയോകൾ സിദ്ദു അവർക്ക് അയച്ചുനൽകും. അവിടെനിന്ന് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യും -പൊലീസ് വൃത്തങ്ങൾ എൻ.ഡി.ടി.വിയോട് പറഞ്ഞു.
ചെങ്കോട്ടയിൽ കൊടി ഉയർത്തുന്നതിനും അക്രമ സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ദീപ് സിദ്ദുവാണ് നേതൃത്വം വഹിച്ചതെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു. ചെങ്കോട്ടയിൽ അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകുകയും പതാക കെട്ടുന്നതടക്കമുള്ള കാര്യങ്ങൾക്ക് പ്രേരണയാകുകയും ചെയ്തയാളാണ് ദീപ് സിദ്ദു. അക്രമ സംഭവങ്ങൾ നടക്കുന്നതിന്‍റെ തലേദിവസം ഡൽഹിയിലെ പ്രധാന സമരവേദിയിൽ ദീപ് സിദ്ദുവിന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
അക്രമ സംഭവങ്ങൾക്ക് ശേഷം വിശദീകരണ വിഡിയോയുമായി നടൻ രംഗത്തെത്തുകയായിരുന്നു. കർഷക സംഘടന നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചായിരുന്നു വിഡിയോകൾ. താൻ രാജ്യദ്രോഹിയാണെങ്കിൽ കർഷക നേതാക്കളും രാജ്യദ്രോഹികളാണെന്നും കർഷക സംഘടന നേതാക്കൾ പിന്നിൽനിന്ന് കുത്തിയെന്നും ദീപ് സിദ്ദു വിഡിയോയിലൂടെ ആരോപിച്ചു.
ദീപ് സിദ്ദുവിന് പുറമെ അക്രമ സംഭവങ്ങളുമായി ബന്ധമുള്ള ജഗ്ബീർ സിങ്, ബൂട്ട സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാൽ സിങ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.