അംഗരക്ഷകരുമായി പിന്നാലെ, എന്നിട്ടും ആ പിതാവിന് മകനെ രക്ഷിക്കാനായില്ല...
text_fieldsചണ്ഡീഗഢ്: മകന്റെ ജീവൻ അപകടത്തിലാണെന്ന തോന്നൽ സിദ്ദു മൂസെവാലയുടെ പിതാവിന് എപ്പോഴുമുണ്ടായിരുന്നു. അതിനാൽ, സുരക്ഷ ഒഴിവാക്കി മൂസെവാല പുറത്തിറങ്ങുമ്പോൾ പിതാവ് ബാൽകൗർ സിങ് നിഴലായി പിറകെയുണ്ടാകും.
പ്രമുഖ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല (28) കഴിഞ്ഞദിവസം മൻസ ജില്ലയിൽ വെടിയേറ്റുമരിക്കുമ്പോഴും പിറകെ പിതാവ് ബാൽകൗർ സിങ് ഉണ്ടായിരുന്നു. സുരക്ഷ ഭടന്മാരുമായാണ് അദ്ദേഹം മകന് പിന്നാലെ എത്തിയിരുന്നതെന്ന് പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അധോലോക സംഘം മൂസെവാലയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ഭടന്മാരില്ലാതെ, ബുള്ളറ്റ് പ്രൂഫ് കാറെടുക്കാതെയായിരുന്നു മൂസെവാലയുടെ കഴിഞ്ഞദിവസത്തെ യാത്ര. ജവഹർ ഗ്രാമത്തിലെത്തിയപ്പോൾ കൊറോള കാറിൽ നാലുപേർ മകനെ പിന്തുടരുന്നത് കണ്ടു. തുടർന്ന് മൂസെവാല തന്റെ താർ ബർണാല ഗ്രാമത്തിലേക്ക് തിരിച്ചു.
അപ്പോൾ ബൊലെറോയിൽ മുൻഭാഗത്തുനിന്ന് എത്തിയ നാലുപേർ മൂസെവാലയുടെ വണ്ടിയുടെ മുന്നിൽ വിലങ്ങിട്ട് ശേഷം മുന്നിൽ നിന്നും പിന്നിൽ നിന്നും വെടിവെപ്പ് തുടങ്ങുകയായിരുന്നു. നിരവധി വെടിയുണ്ടകൾ തുളച്ചുകയറിയ മകനെ ഗ്രാമവാസികളുടെ സഹായത്തോടെ പിതാവ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ലോറൻസ് ബിഷ്‍ണോയ് സംഘത്തിൽ നിന്നും മറ്റുമാണ് മകന് ഭീഷണിയുണ്ടായിരുന്നതെന്ന് ബാൽകൗർ പറഞ്ഞു. അതിനിടെ, താൻ ഒരിക്കലും മൂസേവാല അധോലോക നേതാവാണെന്നോ അദ്ദേഹത്തിന് അധോലോകവുമായി ബന്ധമുണ്ടെന്നോ പറഞ്ഞിട്ടില്ലെന്ന് പഞ്ചാബ് പൊലീസ് മേധാവി വി.കെ. ഭാവ്ര വ്യക്തമാക്കി.
അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയുടെ കാരണമെന്ന പൊലീസ് വാദത്തിനെതിരെ ബാൽകൗർ സിങ് രംഗത്തുവന്നു. മകന്റെ കൊലക്ക് അധോലോക പകയുമായി ബന്ധമുണ്ടെന്ന ഭാവ്രയുടെ പ്രസ്താവനക്കെതിരെ ബാൽകൗർ സിങ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ചിരുന്നു.
അകരമികൾ വന്നത് സിഖ് തീർഥാടനകേന്ദ്രമായ ഹേംകുണ്ഡ് സാഹിബിൽനിന്ന്
സംസ്ഥാന സർക്കാർ സുരക്ഷ പിൻവലിച്ചതിനുപിറ്റേന്ന് ഞായറാഴ്ചയാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ ഒരു സംഘം വെടിവെച്ചുകൊന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ സിഖ് തീർഥാടനകേന്ദ്രമായ ഹേംകുണ്ഡ് സാഹിബിൽനിന്ന് മടങ്ങുകയായിരുന്നു പിടിയിലായ അഞ്ചംഗസംഘമെന്നും ഇവർ തീർഥാടകർക്കിടയിൽ ഒളിച്ചുനിൽക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദത്തിമേറ്റെടുത്തെന്ന് പറയപ്പെടുന്ന ഗുണ്ടത്തലവൻ ലോറൻസ് ബിഷ്‍ണോയ് സംഘത്തിൽപെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. രണ്ട് സംഘങ്ങൾ തമ്മിലുള്ള ശത്രുതയുടെ ഫലമായാണ് കൊലപാതകം അരങ്ങേറിയതെന്ന് കരുതുന്നതായി പഞ്ചാബ് പൊലീസ് മേധാവി വി.കെ. ബാവ്ര പറഞ്ഞു.
ഡൽഹി ജയിലിൽ കഴിയുന്ന ഗുണ്ടത്തലവൻ ലോറൻസ് ബൈഷ്‍ണോയിയെ ഡൽഹി പൊലീസ് ചോദ്യംചെയ്തു. കഴിഞ്ഞ വർഷം നടന്ന അകാലി യുവനേതാവ് വിക്കി മിദ്ദുക്കേരയുടെ കൊലപാതകത്തിൽ ആരോപണ വിധേയനായ ആളാണ് മൂസെവാലയുടെ മാനേജർ ഷഗുൺപ്രീത്. സംഭവത്തെതുടർന്ന് ഷഗുൺപ്രീത് ആസ്ട്രേലിയയിലേക്ക് കടക്കുകയായിരുന്നു.
ഈ കൊലപാതകത്തിന്റെ തിരിച്ചടിയാണ് മൂസെവാലയുടെ കൊലപാതകമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതിനിടെ, കൊലപാതകം അന്വേഷിക്കാൻ ഹൈകോടതി സിറ്റിങ് ജഡ്ജിനെ കമീഷനായി നിയമിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.