നാടുകടത്തൽ പാട്ടുമായി പഞ്ചാബി ‘ട്രംപ്’
text_fieldsപഞ്ചാബി ഗാനങ്ങളിലെ വിഷയങ്ങൾ അമ്പരപ്പിക്കും വിധം വിശാലമാണ്. മിന്നും കാറുകൾ മുതൽ കർഷകരുടെ ദുരിതങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. അതിലൊന്നും പെടാത്ത പുതിയ ഒരു ഐറ്റം വന്നിരിക്കുന്നു. അനധികൃത കുടിയേറ്റത്തെ മഹത്ത്വവത്കരിക്കും വിധമുള്ള വരികളുമായി ആറുമാസം മുമ്പ് പുറത്തിറങ്ങിയ ‘ട്രംപ്’ എന്ന പേരിലുള്ള പഞ്ചാബി റാപ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ‘ജാട്ട് പുത്രന്മാരെ ട്രംപിനുപോലും തടയാനാകില്ല’ എന്നൊക്കെ വരികളുള്ള ഗാനം, ചീമാ വൈയും ഗുര് സിദ്ധുവും ചേര്ന്നാണ് അവതരിപ്പിക്കുന്നത്. രേഖകളില്ലാത്ത ഇന്ത്യക്കാരെ യു.എസിൽനിന്ന് തിരിച്ചയക്കുന്ന നടപടി ഊർജിതമായതോടെയാണ് ‘ട്രംപ്’ റാപ് വീടും ചർച്ചയാകുന്നത്. ഗാനം കേട്ടതുകൊണ്ടായിരിക്കാം പ്രസിഡന്റ് ട്രംപ് തിരിച്ചയക്കൽ ഊർജിതമാക്കിയതെന്ന് അടക്കമുള്ള കമന്റുകളാണ് ഗാനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്നത്.
ആളുകൾ രേഖകളില്ലാതെ അതിർത്തി കടക്കുന്ന ‘വീരസാഹസികതകൾ’ വിവരിക്കുന്ന റീലുകളിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. എന്നാലിപ്പോൾ, നാടുകടത്തൽ ആരംഭിച്ചതോടെ പരിഹാസ സൂചകമായി പലരും ഉപയോഗിക്കുകയാണ്. ഇതുംകൂടി ആയതോടെ ‘പഞ്ചാബി ട്രംപിന്’ യൂട്യൂബിൽ 49 ദശലക്ഷം കാഴ്ചക്കാരായി. പാട്ടിൽ ജാട്ട് സമുദായത്തിന്റെ ധീരതയെ വാഴ്ത്തുന്നുണ്ട്. അവർക്ക് എങ്ങോട്ടു പോകാനും വിസ വേണമെന്നില്ല എന്നൊക്കെ പറയുന്നുണ്ട്. പരസ്പര സാഹോദര്യത്തിന്റെ ശക്തിയും പ്രതിസന്ധികളെ നേരിടാനുള്ള കരുത്തുമെല്ലാം പാട്ടിൽ പറയുന്നു. ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് വരുന്നത്. ചില പഞ്ചാബി പാട്ടുകളിൽ അതിർത്തികടത്തൽ, ആയുധ സംസ്കാരം, മദ്യപാനം തുടങ്ങിയ വിഷയങ്ങളെ മഹത്ത്വവത്കരിക്കുന്ന പ്രവണത നേരത്തേയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.