ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം മതപരിവർത്തനമാകരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം തടയണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. മതംമാറ്റ നിയന്ത്രണ നിയമനിർമാണങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദാംശങ്ങൾ സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച് സമർപ്പിക്കാൻ കേന്ദ്രസർക്കാറിനോട് കോടതി നിർദേശിച്ചു.
പീഡനം, ഭീഷണി, പ്രലോഭനം തുടങ്ങിയ വഴികളിലൂടെയുള്ള മതപരിവർത്തനം നിയന്ത്രിക്കാൻ കർക്കശ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹരജിയിലാണ് കോടതിനടപടി. ഉപാധ്യായയുടെ പൊതുതാൽപര്യ ഹരജിയെ ഛത്തിസ്ഗഢ് ക്രിസ്ത്യൻ ഫോറം, കേരളത്തിലെ യുക്തിവാദി വിഭാഗം എന്നിവരുടെ അഭിഭാഷകർ എതിർത്തെങ്കിലും ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് അംഗീകരിച്ചില്ല.
ഹരജി നിലനിൽക്കത്തക്കതല്ലെന്ന് അവർ വാദിച്ചു. എന്നാൽ, ഇത്തരമൊരു സാങ്കേതിക വശത്തിനപ്പുറം നിർബന്ധിത മതപരിവർത്തനം ഭരണഘടനക്ക് വിരുദ്ധമായ ഗൗരവ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. ദാനവും കാരുണ്യ പ്രവർത്തനവുമൊക്കെ നല്ലതാണ്. എന്നാലിത് മതപരിവർത്തനത്തിന് വേണ്ടിയാകരുത്. മതം മാറാൻ മരുന്നും അരിയും ഗോതമ്പുമൊക്കെ നൽകി പ്രലോഭിപ്പിക്കുന്നത് ഗൗരവപ്പെട്ട വിഷയമാണ്. ഏതെങ്കിലും ഒരാളെ സഹായിക്കണമെന്നുണ്ടെങ്കിൽ സഹായിക്കുക. എന്നാൽ, അത് മതംമാറ്റത്തിന് വേണ്ടിയാകരുത്. പ്രലോഭനം അപകടകരമാണ്. അത് ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിന് നിരക്കുന്നതല്ല. ഇന്ത്യയിൽ കഴിയുന്ന എല്ലാവരും രാജ്യത്തിന്റെ സംസ്കാരത്തിനൊത്ത് പെരുമാറേണ്ടതുണ്ട്. മതസൗഹാർദത്തിനുവേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്.
നേരത്തെ ഉപാധ്യായ ഇതിനു സമാനമായി നൽകിയ ഹരജി സ്വീകരിക്കാൻ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് തയാറായില്ലെന്നും പിൻവലിക്കേണ്ടി വരുകയായിരുന്നുവെന്നും ക്രിസ്ത്യൻ ഫോറത്തിന് വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്ഡെ, യുക്തിവാദികൾക്കുവേണ്ടി ഹാജരായ സി.യു. സിങ് എന്നിവർ ചൂണ്ടിക്കാട്ടി. ഉപാധ്യായ ഡൽഹി ഹൈകോടതിയേയും സമീപിച്ചിരുന്നു. എന്നാൽ, ഹരജി നിലനിൽക്കുമോ എന്നതിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ബി.ജെ.പി നേതാവിന്റെ ഹരജിയെ കേന്ദ്രസർക്കാർ അഭിഭാഷകനും പിന്തുണച്ചു. പ്രലോഭിപ്പിച്ച് മതംമാറ്റുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളിൽനിന്ന് കേന്ദ്രസർക്കാർ വിവരം ശേഖരിച്ചുവരുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മരുന്നിനും ധാന്യത്തിനുമൊക്കെ പകരമായാണോ മതംമാറ്റമെന്ന് നിർണയിക്കാൻ നിഷ്പക്ഷ സമിതികളെ നിയോഗിക്കാനുള്ള നിർദേശം വിവിധ സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
നിയമവിരുദ്ധ മതംമാറ്റത്തിനെതിരെ ഗുജറാത്തിൽ കടുത്ത നിയമമുണ്ട്. എന്നാൽ, അതിലെ ചില വ്യവസ്ഥകൾ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനെതിരായ പ്രത്യേകാനുവാദ ഹരജി സുപ്രീംകോടതി മുമ്പാകെയുണ്ട്.
ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെ പരാമർശിക്കാൻ കോടതി നിർദേശിച്ചു. സംസ്ഥാനങ്ങളിൽനിന്നുള്ള വിശദവിവരങ്ങൾ ഹാജരാക്കാൻ ഒരാഴ്ച സാവകാശം അനുവദിക്കണമെന്ന സോളിസിറ്റർ ജനറലിന്റെ അപേക്ഷ അംഗീകരിച്ച് 12ന് കേസ് പരിഗണിക്കാൻ കോടതി നിശ്ചയിച്ചു.
എതിർസത്യവാങ്മൂലം നൽകാൻ താൽപര്യപ്പെടുന്ന സംസ്ഥാനങ്ങളെ അതിന് അനുവദിക്കണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്രം വിവരം ശേഖരിച്ചുനൽകിയാൽ മതി. പല സംസ്ഥാനങ്ങളും കൂടുതൽ സാവകാശം ആവശ്യപ്പെടുകവഴി കാലതാമസം ഉണ്ടാകുമെന്ന് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.