തിയേറ്ററിൽ യുവതി മരിച്ച സംഭവം: അല്ലു അർജുന് സ്ഥിരജാമ്യം
text_fieldsഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ജാമ്യം. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 13ന് അറസ്റ്റിലായ അല്ലു അർജുൻ തൊട്ടടുത്ത ദിവസം തെലങ്കാന ഹൈകോടതി അനുവദിച്ച നാലാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ജാമ്യ കാലാവധി ഈമാസം പത്തിന് അവസാനിക്കാനിരിക്കെയാണ് നമ്പള്ളിയിലെ വിചാരണ കോടതി സ്ഥിരജാമ്യം അനുവദിച്ചത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ അല്ലു അർജുനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഞായറാഴ്ച ഹാജരാകാനും നിർദേശമുണ്ട്. ഡിസംബർ നാലിനായിരുന്നു ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിരക്കിലും പെട്ട് യുവതി മരിച്ചത്. ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ അല്ലു അര്‍ജുന് ആരാധകരില്‍ നിന്നും സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും വീരോചിത സ്വീകരണമാണ് ലഭിച്ചത്. വിവാദങ്ങൾ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരം പ്രതികരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അർജുനെ രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസിന്റെ അനുമതിയില്ലാതെ താരം റോഡ് ഷോ നടത്തിയെന്നും ഇത് വലിയ പ്രശ്നത്തിന് ഇടയാക്കിയെന്നുമാണ് ആക്ഷേപം. അതിനിടെ മരിച്ച രേവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് പുഷ്പ-2 ടീം പ്രഖ്യാപിച്ചിരുന്നു. അല്ലു അർജുൻ പ്രഖ്യാപിച്ച 25 ലക്ഷത്തിന് പുറമെ ആയിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.