ലോക പാവകളി ദിനം; അഞ്ച് സംസ്ഥാനങ്ങളിൽ 'പുതുൽ ഉത്സവ്' നടത്തും
text_fieldsന്യൂഡൽഹി: ലോക പാവകളി ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ സംഗീത നാടക അക്കാദമി അഞ്ച് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ തിങ്കളാഴ്ച 'പുതുൽ ഉത്സവ്' നടത്തും. വാരണാസി [ഉത്തർപ്രദേശ്], ഹൈദരാബാദ് [തെലങ്കാന], അങ്കുൽ [ഒഡീഷ], ത്രിപുര [അഗർത്തല], ന്യൂഡൽഹി എന്നിവിടങ്ങളിലാണ് പാവകളി ഉത്സവം നടത്തുക.
ഇന്ത്യയിലെ പാവകളി പാരമ്പര്യം വളരെ പഴക്കമുള്ളതാണ്. ആശയവിനിമയം, വിദ്യാഭ്യാസം, വിനോദം എന്നിവക്ക് വേണ്ടി പണ്ടുമുതൽക്കുള്ള സാംസ്കാരിക നാടക പാരമ്പര്യ കലയാണ് പാവകളി. രണ്ടാം നൂറ്റാണ്ടിലെ നാടകം, നാട്യശാസ്ത്രം, തമിഴ് ഗ്രന്ഥമായ ചിലപ്പതികാരം എന്നിങ്ങനെയുള്ള ഇന്ത്യൻ സാഹിത്യത്തിൽ ഈ കലയെ കുറിച്ച് എഴുതിയിട്ടുണ്ട്. പുരാണ സാഹിത്യം, പുരാണങ്ങൾ, ഇതിഹാസങ്ങൾ, പ്രാദേശിക ഇതിഹാസങ്ങൾ എന്നിവയിൽ നിന്നാണ് പാവകളിയുടെ പ്രമേയങ്ങൾ കടമെടുത്തത്.
ഇന്ത്യയിലെ പാവ നാടകവേദി ഇപ്പോഴും ജനപ്രീതി നേടുന്നുണ്ടെങ്കിലും 'പുതുൽ ഉത്സവ്' പുതിയ തലമുറയിലെ പ്രേക്ഷകർക്ക് പരമ്പരാഗത പാവകളിയും അദൃശ്യമായ സാംസ്കാരിക പൈതൃകവും പരിചയപ്പെടുത്തുമെന്നും കാണികൾക്ക് നവോന്മേഷം നൽകുമെന്നും സംഗീത നാടക അക്കാദമി സെക്രട്ടറി തെംസുനാരോ ജമീർ പറഞ്ഞു. പരമ്പരാഗതമായി ഉപയോഗിക്കുന്ന ചരട്, നിഴൽ, വടി, കൈപ്പാവകൾ എന്നിവ ഉപയോഗിച്ചാണ് പാവകളി നടത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുൽ ഉത്സവത്തിൽ പ്രശസ്തരായ പാവകളിക്കാരുടെ സെമിനാറുകളും ശില്പശാലകളും ഉണ്ടായിരിക്കും. അതിൽ പങ്കെടുക്കുന്നവർക്ക് സ്വന്തമായി പാവകളെ സൃഷ്ടിക്കാനുള്ള പരിശീലനം ലഭിക്കുമെന്ന് സംഗീത നാടക അക്കാദമി അറിയിച്ചു. തിങ്കളാഴ്ചയാരംഭിക്കുന്ന പാവകളി ഉത്സവം ഹൈദരാബാദിലും വാരണാസിയിലും മൂന്ന് ദിവസം വീതവും അങ്കുൽ ജില്ലയിൽ രണ്ട് ദിവസവുമാണ് നടത്തുക. ഡൽഹിയിലും അഗർത്തലയിലും ഒറ്റ ദിവസത്തെ ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.