ഒമിക്രോൺ ഭിതി; വിദേശത്തുനിന്ന് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങളുമായി മഹാരാഷ്ട്രയും
text_fieldsമുംബൈ: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി വിതക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. ഒമിക്രോൺ വ്യാപനമുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ ഏർപ്പെടുത്തി. മൂന്നുതവണ ആർ.ടി.പി.സി.ആർ പരിശോധനക്കും വിധേയമാകണം. മടങ്ങിയെത്തുന്ന രണ്ട്, നാല്, ഏഴ് ദിവസങ്ങളിലാണ് ആർ.ടി.പി.സി.ആർ പരിശോധന നടത്തേണ്ടതെന്നും ഭരണകൂടം അറിയിച്ചു.
അപകട സാധ്യതയേറിയ രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നു. പുതുക്കിയ പട്ടികയിൽ യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വെ, സിംഗപൂർ, ഹോങ്കോങ്, ഇസ്രയേൽ എന്നിവ ഉൾപ്പെടും.
പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ഈ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവർ രണ്ടാം ദിവസവും നാലാം ദിവസവും ഏഴാം ദിവസവും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. കോവിഡ് പോസിറ്റീവായാൽ രോഗികളെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കിൽ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീനിൽ പോകണം.
മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവർ വിമാനത്താവളങ്ങളിൽ വെച്ചുതന്നെ നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാകണം. നെഗറ്റീവാണെങ്കിൽ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിൽ കഴിയണം. രോഗം സ്ഥിരീകരിച്ചാൽ ആശുപത്രിയിലേക്ക് മാറ്റും.
മഹാരാഷ്ട്രയിൽ അപകട സാധ്യതയേറിയ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ വകഭേദമാണോ അല്ലയോ എന്നുപരിശോധിക്കാൻ ഇവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിന് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.