ചോദ്യപേപ്പർ ചോർച്ച: തെലങ്കാന ബി.ജെ.പി അധ്യക്ഷൻ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsകരിംനഗർ: എസ്.എസ്.സി പത്താം ക്ലാസ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.പിയുമായ ബണ്ടി സഞ്ജയ് 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കരിം നഗറിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
ചോദ്യപേപ്പർ ചോർച്ച സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താൻ പ്രതികളിലൊരാൾക്ക് ബണ്ടി സഞ്ജയ് നിർദേശം നൽകിയെന്നാണ് പൊലീസ് പറയുന്നത്. നടന്നുകൊണ്ടിരിക്കുന്ന സെക്കൻഡറി പരീക്ഷ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് ചോർത്താൻ മറ്റ് രണ്ട് പ്രതികളുടെ സഹായത്തോടെ ഇദ്ദേഹം പദ്ധതി തയാറാക്കിയെന്നും ചോദ്യപേപ്പർ ചോർച്ച സർക്കാറിന്റെ പരാജയമായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനും കുട്ടികളിലും രക്ഷിതാക്കളിലും ഭീതി പടർത്താനും ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിച്ചു. സഞ്ജയ് കുമാറിനൊപ്പം മറ്റും രണ്ടു പ്രതികളെയും രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
അതേസമയം, സഞ്ജയ് കുമാറിനെതിരായ ആരോപണങ്ങൾ തള്ളിയ ബി.ജെ.പി ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ആരോപിച്ചു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന സന്ദർശിക്കാനിരിക്കെയാണ് ബി.ജെ.പി അധ്യക്ഷനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കൾ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് അര മണിക്കൂറിനകം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. പ്രതികളിലൊരാൾ ബണ്ടി സഞ്ജയ് കുമാറിനും ഇത് അയച്ചുകൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.