ചോദ്യം ചോദിക്കുക എന്നത് പാർലമെന്‍റ് ജനാധിപത്യത്തിന്‍റെ ജീവവായു -ശശി തരൂർ
text_fieldsന്യൂഡൽഹി: പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഭരിക്കുന്ന സർക്കാറിനോട് ചോദ്യം ചോദിക്കുക എന്നത് പാർലമെന്‍റ് ജനാധിപത്യത്തിന്‍റെ ജീവവായു ആണെന്ന് ശശി തരൂർ എം.പി പറഞ്ഞു.
പാർലമെന്‍റിനെ ഒരു വാർത്താകുറിപ്പിലൂടെ കേന്ദ്രസർക്കാർ ചെറുതാക്കി കാട്ടുന്നു. സർക്കാറിന് ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച്, മറ്റുള്ളവരെ റബർ സ്റ്റാമ്പ് ആക്കി സർക്കാറിന് ആവശ്യമുള്ളത് പാസാക്കി എടുക്കുകയാണ് ചെയ്യുന്നത്. ആരോടും ഉത്തരവാദിത്തമില്ലാത്ത നടപടികളാണിതെന്നും തരൂർ വ്യക്തമാക്കി.
ജനാധിപത്യത്തെയും ഭിന്നാഭിപ്രായത്തെയും അടിച്ചമർത്താൻ കോവിഡ് മഹാമാരിയെ ഭരണാധികാരികൾ ഉപയോഗിക്കുകയാണെന്ന് നാലു മാസം മുമ്പ് താൻ പറഞ്ഞിരുന്നു. പാർലമെന്‍റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഉണ്ടാവില്ലെന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നു. ഈ നടപടിയെ എങ്ങനെ നീതികരിക്കുമെന്നും തരൂർ ട്വീറ്റിലൂടെ ചോദിച്ചു.
സെപ്തംബർ 14ന് ആരംഭിക്കുന്ന പാർലമെന്‍റ് വര്‍ഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഉണ്ടാവില്ലെന്ന് വാർത്താകുറിപ്പിലൂടെയാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചോദ്യോത്തരവേള വേണ്ടെന്നുവെക്കാൻ തീരുമാനിച്ചെന്ന വാർത്താകുറിപ്പ് രാജ്യസഭാ സെക്രട്ടറിയേറ്റാണ് പുറത്തിറക്കിയത്. അതേസമയം, ശൂന്യവേള അടക്കം മറ്റ് സഭാ നടപടികൾ സാധാരണ നിലയിൽ നടക്കും.
പാർലമെന്‍റ് അംഗങ്ങൾ കോവിഡ് നിർണയ പരിശോധന അടക്കം മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കണം. ആഴ്ചയുടെ അവസാനം അവധി നൽകാതെ തുടർച്ചയായ ദിവസങ്ങളിലാണ് സഭ ചേരുക. ആദ്യ ദിവസമായ സെപ്തംബർ 14ന് ലോക്സഭ രാവിലെ ഒമ്പതിന് ചേർന്ന് ഒരു മണിക്കും രാജ്യസഭ ഉച്ചക്ക് മൂന്നിന് തുടങ്ങി വൈകീട്ട് ഏഴിനും അവസാനിക്കും.
സെപ്തംബർ 15 മുതൽ രാജ്യസഭയുടെ പ്രവർത്തനം രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയും ലോക്സഭയുടേത് ഉച്ചക്ക് മൂന്ന് മുതൽ വൈകീട്ട് ഏഴുവരെയുമാകും. ഇരു സഭകളും നാലു മണിക്കൂർ മാത്രമാകും ചേരുക. സെപ്തംബർ 14ന് ആരംഭിക്കുന്ന വർഷകാല സമ്മേളനം ഒക്ടോബർ ഒന്നിന് അവസാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.