സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രഫഷനൽ കോഴ്സുകളിൽ സംവരണം; ബിൽ അവതരിപ്പിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: പ്രഫഷനൽ കോഴ്സുകളിൽ സർക്കാർ സ്കൂളിൽ പഠിച്ച വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് എൻജിനീയറിങ്, അഗ്രികൾച്ചർ, ഫിഷറീസ്, നിയമം എന്നിവയിൽ ഇതോടെ 7.5 ശതമാനം സംവരണം ലഭിക്കും.
ഈ മാസം ആദ്യം നടന്ന മന്ത്രിസഭ യോഗത്തിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
സർക്കാർ സ്കൂളുകളിൽ പഠിച്ച വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് പ്രഫഷനൽ കോഴ്സുകളിൽ പ്രവേശനം നേടുന്നതെന്നും കുടുംബത്തിലെ ദാരിദ്ര്യവും കോഴ്സുകളെക്കുറിച്ച് അറിവില്ലായ്മയുമാണ് ഇതിന് കാരണമെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
ഗ്രാമീണ മേഖലയിലെ വിദ്യാർഥികളുടെ ക്ഷേമം പരിഗണിച്ച് 2006ൽ അന്നത്തെ ഡി.എം.കെ സർക്കാർ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ റദ്ദാക്കിയത് സ്റ്റാലിൻ അനുസ്മരിച്ചു.
'സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രഫഷനൽ കോഴ്സുകളിൽ ചേരുന്നതിന് നിലവിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായി വരുന്നു. അവർ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുമായി മത്സരിക്കേണ്ടിവരുന്നു' -സ്റ്റാലിൻ പറഞ്ഞു.
പ്രതിപക്ഷമായ എ.െഎ.എ.ഡി.എം.കെ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി. നിയമസഭയിൽ ബിൽ ഒറ്റക്കെട്ടായി പാസാക്കുമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.