കൊൽക്കത്തയിലെ പി.ജി ഡോക്ടറുടെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ച് സി.ബി ഐ; സഞ്ജയ് റോയ് ഏക പ്രതി
text_fieldsകൊല്‍ക്കത്ത: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി. വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സഞ്ജയ് റോയ് മാത്രമാണ് കേസിലെ പ്രതി. കൂട്ടബലാത്സംഗം സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.
ഓഗസ്റ്റ് ഒന്‍പതിന് രാത്രി ഡോക്ടര്‍ ഉറങ്ങാന്‍ പോയപ്പോൾ സിവില്‍ വളണ്ടിയറായ സഞ്ജയ് റോയ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇത് ആദ്യ കുറ്റപത്രമാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും സി.ബി.ഐ അറിയിച്ചു.
ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും പ്രതി ഒറ്റയ്ക്കാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിൽ 200 ഓളം പേരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന ദിവസം റോയ് സെമിനാര്‍ ഹാളിലേക്ക് കയറിയതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിറ്റേദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്ത ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാലിന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് താല പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അഭിജിത്ത് മൊണ്ടല്‍, മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എന്നിവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.