ആര്യന് ജാമ്യം കിട്ടിയതിൽ ആശ്വാസം, ദൈവത്തിന് സ്തുതി -മാധവൻ
text_fieldsമുംബൈ : മുംബൈ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് ഖാൻ കുടുംബത്തിന് ആശ്വാസകരമായ വാർത്തയെന്ന് നടൻ ആർ. മാധവൻ. ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. പ്രത്യേക എൻ.ഡി.പി.എസ് കോടതി നേരത്തേ ജാമ്യഹരജി തള്ളിയ ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്.
കേസിലെ മറ്റ് പ്രതികളായ അർബാസ് മർച്ചന്‍റ്, മുൻമുൺ ധമേച്ച എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ ഖാൻ പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് നാളെ ഉണ്ടാകും.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തന്‍റെ വാട്സ്ആപ് ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യൻ കോടതിയിൽ വാദിച്ചു.
ആര്യൻ ഖാന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.
ആര്യന്‍റെ സുഹൃത്തായ ബോളിവുഡ് നടി അനന്യ പാണ്ഡെയെ കഴിഞ്ഞദിവസങ്ങളിൽ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് 22കാരിയായ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.