കോൺഗ്രസിൽ അടിമുടി ഘടനമാറ്റം
text_fieldsറായ്പുർ: പ്രവർത്തക സമിതി മുതൽ മണ്ഡലം കമ്മിറ്റി വരെ അടിമുടി ഘടനമാറ്റം നിർദേശിക്കുന്ന ഭരണഘടന ഭേദഗതി നിർദേശം പ്ലീനറി സമ്മേളനത്തിൽ കൊണ്ടുവരാൻ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, വനിത, യുവ, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി എല്ലാ തലങ്ങളിലും 50 ശതമാനം സീറ്റ് മാറ്റിവെക്കണമെന്നാണ് സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച ഭരണഘടന ഭേദഗതി നിർദേശം.
പി.സി.സി, ജില്ല, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പകുതി സീറ്റ് നൽകണമെന്നും അതിൽ പകുതി പട്ടികജാതി-വർഗ വിഭാഗക്കാർക്കായിരിക്കണമെന്നും ഭരണഘടന ഭേദഗതിയിൽ നിർദേശിച്ചു. സംവരണ, സംവരണേതര വിഭാഗങ്ങളിൽ ഒരുപോലെ 50 വയസ്സിൽ താഴെയുള്ളവർക്കും വനിതകൾക്കും പകുതി സീറ്റ് നൽകണം.
മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം 16 ഭരണഘടന ഭേദഗതികളാണ് അംഗീകരിച്ചത്. പ്ലീനറിയുടെ അംഗീകാരത്തിന് വിധേയമായി ഇത് നടപ്പാക്കും. കോൺഗ്രസിന്റെ പുതിയ പ്രവർത്തക സമിതി അംഗസംഖ്യ 30 കവിയും. യുവ, വനിത, പിന്നാക്ക, ന്യൂനപക്ഷ പ്രാതിനിധ്യം ഉയരും.
കോൺഗ്രസ് അധ്യക്ഷനും പാർലമെന്ററി പാർട്ടി നേതാവിനും പുറമെ 12 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, 11 നോമിനേറ്റഡ് അംഗങ്ങൾ എന്ന വിധത്തിലായിരുന്നു ഇതുവരെ പ്രവർത്തക സമിതിയുടെ ഘടന.
ഭരണഘടന ഭേദഗതി വഴി മുൻ പ്രസിഡന്റുമാർ (സോണിയ, രാഹുൽ), പാർട്ടിയുടെ മുൻ പ്രധാനമന്ത്രി (മൻമോഹൻ സിങ്) എന്നിവർ സ്ഥിരാംഗങ്ങളായി മാറും. കോൺഗ്രസ് അധ്യക്ഷൻ (ഖാർഗെ), പാർലമെന്ററി പാർട്ടി നേതാവ് (സോണിയ) കോൺഗ്രസിന്റെ ലോക്സഭ-രാജ്യസഭ നേതാക്കൾ (അധിർ രഞ്ജൻ ചൗധരി, ഖാർഗെ) എന്നിവരും സ്ഥിരാംഗങ്ങളാവും.
പ്രവർത്തക സമിതിയിലെ പകുതി സീറ്റ് യുവ, വനിത, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നീക്കിവെക്കുമ്പോൾ മുന്നാക്ക വിഭാഗങ്ങൾക്ക് മതിയായ ഇടം നൽകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇക്കാര്യം ആനന്ദ് ശർമ പരോക്ഷമായി യോഗത്തിൽ പറഞ്ഞുവെന്നാണ് സൂചന. ഇതത്രയും നടപ്പാക്കാൻ പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം കൂട്ടുകയല്ലാതെ വഴിയില്ല.
മയക്കുമരുന്നും മറ്റു ലഹരി പദാർഥങ്ങളും കോൺഗ്രസ് അംഗങ്ങൾ ഉപയോഗിക്കരുതെന്ന് നിർദേശിക്കുന്നതാണ് മറ്റൊരു ഭേദഗതി. മദ്യപിക്കരുതെന്ന ഭരണഘടന ഭേദഗതി നിർദേശവും ചില അംഗങ്ങൾ മുന്നോട്ടുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.