യാചകനായി കോടീശ്വരൻ
text_fieldsലഖ്നോ: ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത യാചകനായി നാട്ടുകാർ കണ്ട മുത്തയ്യ നാടാർ സുപ്രഭാതത്തിൽ അവർക്കു മുന്നിൽ കോടീശ്വരനായി. 1,63,93,000 രൂപയാണ് ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലാണ് സംഭവം.
അലഞ്ഞുതിരിഞ്ഞ് ഭിക്ഷയാചിച്ചിരുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് വ്യക്തമായ വിവരമില്ലായിരുന്നു. ഡിസംബർ 13ന് സ്വാമി പ്രബോധ് പരമഹംസ് ഇൻറർ കോളജിൽ ജോലിചെയ്യുന്ന സ്വാമി ഭാസ്കർ ഇയാളെ അവശനിലയിൽ കാണുകയായിരുന്നു. അടുത്തുചെന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ മുത്തയ്യ നാടാർക്ക് ഭാഷ മനസ്സിലായില്ല. എന്നാൽ, തനിക്ക് വിശക്കുന്നുവെന്ന് ആംഗ്യം കാണിച്ചു. മനസ്സലിഞ്ഞ സ്വാമി ഭാസ്കർ ഭക്ഷണം വാങ്ങിക്കൊടുത്തു. ബാർബർ ഷോപ്പിലെത്തിച്ച് താടിയും മുടിയും വെട്ടിച്ച് കുളിക്കാൻ സൗകര്യമൊരുക്കി.
ഇൗ സമയത്ത് അഴിച്ചുവെച്ച വസ്ത്രത്തിൽ ആധാർ കാർഡും ഒരു ബാങ്കിലെ സ്ഥിരനിക്ഷേപരേഖയും താക്കോലും കണ്ടു. ആധാർ എടുത്ത സ്വാമി ഭാസ്കർ, ഇതിലെ വിലാസം പരിശോധിച്ചപ്പോഴാണ് മുത്തയ്യ നാടാർ എന്നാണ് പേരെന്നും തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണെന്നും മനസ്സിലായത്. ആധാറിലെ ഫോൺ നമ്പറിൽ വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാങ്കിൽ വൻ നിക്ഷേപമുള്ളതായി തെളിഞ്ഞത്. പിന്നീട് ബന്ധുക്കളെത്തി ഇയാളെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഇൗ വർഷം ജൂണിൽ തീർഥാടനത്തിന് കുടുംബസമേതം എത്തിയപ്പോൾ മുത്തയ്യയെ കാണാതാവുകയായിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.