പ്രതിപക്ഷ നേതാവായ രാഹുലിന് എന്തൊക്കെ അധികാരങ്ങളും സൗകര്യങ്ങളുമാണ് ഉണ്ടാവുക ?
text_fieldsഒരു പതിറ്റാണ്ടിന് ശേഷം ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ നേതാവുണ്ടായിരിക്കുകയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 99 സീറ്റിൽ കോൺഗ്രസ് വിജയിച്ചതോടെയാണ് അവർക്ക് പ്രതിപക്ഷനേത പദവി ലഭിച്ചത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കിയുള്ള കത്ത് സോണിയ ഗാന്ധി പ്രൊ ടൈം സ്പീക്കർക്ക് കൈമാറിയിരുന്നു. വിശാലമായ ചില അധികാരങ്ങളാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് പദവിയിലൂടെ ഇപ്പോൾ ലഭിക്കാൻ പോവുന്നത്.
പ്രതിപക്ഷ നേതാവിന്റെ അധികാരങ്ങൾ എന്തൊക്കെ ?
സി.ബി.ഐ ഡയറക്ടർ, സെൻട്രൽ വിജിലൻസ് കമീഷണർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ലോകയുക്ത ചെയർപേഴ്സൻ. മനുഷ്യാവകാശ കമീഷണൻ അംഗങ്ങൾ, തെരഞ്ഞെടുപ്പ് കമീഷണർ തുടങ്ങിയവരെയെല്ലാം തെരഞ്ഞെടുക്കുന്ന സമിതികളിൽ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഹുൽ ഗാന്ധിയും ഉണ്ടാവും. ഈ നിയമനങ്ങളിലെല്ലാം പ്രധാനമന്ത്രിക്ക് രാഹുലിന്റെ കൂടി അഭിപ്രായം തേടേണ്ടി വരുന്ന സാഹചര്യവും ഉണ്ടാവും. ഇത് പ്രതിപക്ഷത്തെ സംബന്ധിച്ചടുത്തോളം നേട്ടമാണ്. പാർലമെന്റിന്റെ പ്രധാനപ്പെട്ട സമിതികളിലും രാഹുൽ അംഗമാവും. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനും രാഹുലിന് കൂടുതൽ അധികാരങ്ങൾ ഉണ്ടാവും.
രാഹുലിന് കിട്ടുന്ന സൗകര്യങ്ങൾ
കാബിനറ്റ് പദവിയുള്ള ലോക്സഭ പ്രതിപക്ഷ നേതാവിന് കേന്ദ്രമന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ലഭിക്കും. സൗജന്യ വിമാനയാത്ര, ട്രെയിൻ യാത്ര, ഔദ്യോഗിക കാർ തുടങ്ങിയ സൗകര്യങ്ങളെല്ലാം രാഹുലിനും ലഭിക്കും.
കഴിഞ്ഞ ദിവസം നടന്ന ഇൻഡ്യ സഖ്യയോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. ഇതിന് മുമ്പ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും ഇതിനെ കയ്യുയർത്തി പിന്താങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.