പോർവിമാന ചെലവ് വെളിപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം തള്ളി
text_fieldsന്യൂഡൽഹി: ഫ്രാൻസിൽനിന്ന് റാഫേൽ പോർവിമാനങ്ങൾ വാങ്ങുന്നതിെൻറ ചെലവു വിവരങ്ങൾ വെളിപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും, അത്തരം വിവരങ്ങൾ പരസ്യമാക്കിയാൽ ശത്രുരാജ്യം ദുരുപയോഗിക്കുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെൻറിൽ പറഞ്ഞു.
ലോക്സഭയിൽ ബജറ്റ് ചർച്ച ഉപസംഹരിക്കുകയായിരുന്നു മന്ത്രി. പ്രതിരോധ കരാറുകളുടെ കാര്യത്തിൽ തന്ത്രപരമായ വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാറിന് ബാധ്യതയില്ലെന്ന് ജെയ്റ്റ്ലി വിശദീകരിച്ചു. പ്രണബ് മുഖർജി, എ.കെ. ആൻറണി എന്നിവർ പ്രതിരോധമന്ത്രിസ്ഥാനം വഹിച്ച കാലത്ത് പാർലമെൻറിന് ഇൗ വിശദീകരണം നൽകിയിട്ടുണ്ട്. അതേക്കുറിച്ച് അറിയില്ലെങ്കിൽ കോൺഗ്രസിെൻറ അധ്യക്ഷൻ അന്നത്തെ പ്രതിരോധ മന്ത്രി പ്രണബ് മുഖർജിയോട് ഉപദേശം തേടണം.
അഴിമതി ആരോപണത്തിൽ കുളിച്ച് അധികാരത്തിൽനിന്ന് പുറത്തായ യു.പി.എ മോദി സർക്കാറിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമക്കുകയാണ്. റാഫേൽ ഇടപാടിെൻറ വിശദാംശങ്ങൾ പുറത്തുവിടുന്നില്ല എന്നാണ് ആക്ഷേപം. പടക്കോപ്പിനു വേണ്ടി മുടക്കിയ പണം എത്രയെന്ന് അറിഞ്ഞാൽ, ആയുധസന്നാഹ ശേഷി ശത്രുരാജ്യത്തിന് അറിയാൻ കഴിയും. ഇസ്രായേലിൽനിന്ന് മിസൈൽ വാങ്ങുന്നതിെൻറ വിശദാംശങ്ങൾ പാർലമെൻറിൽ വെളിപ്പെടുത്തുന്നത് ദേശതാൽപര്യത്തിന് വിരുദ്ധമാണെന്ന് 2008 ആഗസ്റ്റ് 22ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആൻറണി പറഞ്ഞത് പാർലമെൻറ് രേഖകളിലുണ്ട്.
ചെലവിെൻറ കണക്ക് പാർലമെൻറിനെ േബാധ്യപ്പെടുത്താൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് കോൺഗ്രസിലെ ശശി തരൂർ പറഞ്ഞു. യു.പി.എ സർക്കാറിന് ഉണ്ടായിരുന്നത്ര പ്രതിബദ്ധത തങ്ങൾക്കുമുണ്ട് എന്നായിരുന്നു ഇതിനോട് ജെയ്റ്റ്ലിയുടെ മറുപടി. കോൺഗ്രസ് പ്രസിഡൻറിെൻറ പേരു പരാമർശിച്ച മന്ത്രി, അദ്ദേഹത്തിന് വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ബഹളമുണ്ടാക്കിയെങ്കിലും ജെയ്റ്റ്ലി വഴങ്ങിയില്ല.
ഇൗ ബഹളത്തിനിടയിൽ ആന്ധ്രപ്രദേശിെൻറ സാമ്പത്തിക സഹായ വിഷയത്തിലേക്ക് അരുൺ ജെയ്റ്റ്ലി കടന്നു. പ്രതിപക്ഷം ബഹളം ഉയർത്തുന്ന അന്തരീക്ഷത്തിൽ തന്നെ സഭാ നടപടി ദിവസത്തേക്ക് പിരിയുന്നതായി സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു. ധനമന്ത്രി തെൻറ പേരു പരാർശിച്ചിട്ടും സഭയിൽ സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ തൊട്ടുപിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തുവന്നു.
രഹസ്യവിവരമാണെങ്കിൽ, വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നേരത്തെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് രാഹുൽ ട്വിറ്ററിൽ ചോദിച്ചു. റാഫേൽ ഇടപാടിൽ അഴിമതി നടന്നൂവെന്ന് രാഹുൽ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.