റഫാൽ വില സർക്കാറിന് രഹസ്യം; റിലയൻസിന് പരസ്യം
text_fieldsന്യൂഡൽഹി: വെളിപ്പെടുത്താൻ പാടില്ലാത്ത കരാർ രഹസ്യമെന്ന വിശദീകരണത്തോടെ പാർലമെൻറിൽനിന്ന് സർക്കാർ മറച്ചുവെക്കുന്ന റഫാൽ പോർവിമാന വില കോർപറേറ്റ് സ്ഥാപനമായ റിലയൻസിന് പരസ്യവിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ഒപ്പുവെച്ച കരാർ പ്രകാരം വാങ്ങുന്ന 36 പോർവിമാനങ്ങളിൽ ഒരോന്നിനും 1600 കോടി രൂപയാണ് വിലയെന്ന് റിലയൻസ് വെളിപ്പെടുത്തി.
റിലയൻസ് ഡിഫൻസ് കമ്പനി മുമ്പ് പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് വിലവിവരമുള്ളത്. 36 പോർവിമാനങ്ങൾ 60,000 കോടി രൂപക്ക് പ്രതിരോധ സേനക്ക് നൽകാനുള്ള കരാറിൽ 2016 സെപ്റ്റംബർ 23നാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവെച്ചത്. ഇതിൽ പകുതി തുക ഒാഫ്സെറ്റ് ബാധ്യതയായി കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗുണഭോക്താവായ റിലയൻസ് വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
റഫാൽ പോർവിമാന നിർമാണത്തിന് സഹകരിക്കാൻ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനെ തഴഞ്ഞ് റിലയൻസുമായാണ് ധാരണ. ദസോൾട്ട് റിലയൻസ് എയ്റോസ്പേസ് സംയുക്ത സംരംഭത്തിന് രൂപം നൽകിയിട്ടുണ്ട്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ പിന്തുണയുള്ള റിലയൻസ് എയ്റോസ്ട്രക്ചർ ലിമിറ്റഡ്, റഫാൽ പോർവിമാന നിർമാതാക്കളായ ഫ്രാൻസിലെ ദസോൾട്ട് ഏവിയേഷൻ എന്നിവയുടെ സംയുക്ത സംരംഭമാണിത്.
ദസോൾട്ട് ചെയർമാൻ എറിക് ട്രാപിയർ ചെയർമാനും റിലയൻസ് ഗ്രൂപ് ചെയർമാൻ അനിൽ അംബാനി വൈസ് ചെയർമാനുമാണ്. റിലയൻസ് എയ്റോസ്ട്രക്ചറിന് 51ഉം ദസോൾട്ടിന് 49ഉം ശതമാനമാണ് ഒാഹരി പങ്കാളിത്തം. വിമാന നിർമാണത്തിൽ റിലയൻസിന് മുൻകാല പരിചയമൊന്നുമില്ലെന്നിരിക്കേ തന്നെയാണ് റഫാൽ പോർവിമാന നിർമാണത്തിലെ ഇൗ സഹകരണം. പാർലമെൻറിൽ സർക്കാർ വെളിപ്പെടുത്താൻ മടിക്കുന്ന വിലവിവരം ഒരു കോർപറേറ്റ് സ്ഥാപനത്തിനോ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിനോ നൽകാൻ കഴിയുന്നതേയുള്ളൂവെന്ന് തെളിഞ്ഞതായി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മാധ്യമ പ്രവർത്തകൻ വിനോദ് കെ. ജോസ് എന്നിവർ പ്രതികരിച്ചു. മുൻകാല കരാറിെൻറ മൂന്നിരട്ടിയാണ് ഒാരോ വിമാനത്തിനും പുതുക്കി നിശ്ചയിച്ച വിലയെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.