റഫാൽ: പ്രതിഷേധം നയിച്ച് സോണിയ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം. പാർലമെൻറ് സമ്മേളനം അവസാനിക്കുന്നതു പ്രമാണിച്ച് രാജ്യസഭാധ്യക്ഷൻ വെങ്കയ്യനായിഡു ഒരുക്കിയ പ്രഭാത വിരുന്ന് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചു.
പാർലമെൻറ് വളപ്പിലെ ഗാന്ധിപ്രതിമക്കു മുന്നിൽ വിവിധ പ്രതിപക്ഷ പാർട്ടി എം.പിമാർ നടത്തിയ പ്രതിഷേധ ധർണക്ക് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ വിഷയത്തിൽ മൗനംപാലിക്കുന്നതിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രതിഷേധിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, ഗുലാംനബി ആസാദ്, അംബിക സോണി, ആനന്ദ് ശർമ, സി.പി.െഎ നേതാവ് ഡി. രാജ, ആം ആദ്മി പാർട്ടിയിലെ സുശീൽ ഗുപ്ത തുടങ്ങിയവർ ധർണയിൽ അണിനിരന്നു.
ലോക്സഭയിലും രാജ്യസഭയിലും റഫാൽ വിഷയത്തിൽ നടപടികൾ തടസ്സപ്പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ ഇടപാട് അഴിമതിയാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. തെളിവുകൾ ഒന്നുമില്ലാതെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് രാജ്യസഭയിൽ പാർലമെൻററികാര്യ മന്ത്രി വിജയ് ഗോയൽ കുറ്റപ്പെടുത്തി.
റഫാൽ വിഷയം ഉന്നയിച്ചതിനിടയിൽ മൈക്ക് സഭാധ്യക്ഷൻ വെങ്കയ്യനായിഡുവിെൻറ നിർദേശപ്രകാരം ഒാഫ് ചെയ്തത് രാജ്യസഭയിൽ പ്രതിപക്ഷത്തെ കൂടുതൽ ചൊടിപ്പിച്ചു. വെങ്കയ്യനായിഡു ഒരുക്കിയ പ്രഭാതവിരുന്ന് ബഹിഷ്കരിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതും അതാണ്. റഫാൽ ഇടപാട് രാജ്യസുരക്ഷ തന്നെ അപകടപ്പെടുത്തുന്ന വലിയ അഴിമതിയാണെന്ന് മുൻമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.