റഫാലിൽ ജെ.പി.സി അന്വേഷണം തള്ളി
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രം തള്ളി. ഫ്രാൻസുമായുള്ള ഇൗ ഇടപാടിനെക്കുറിച്ച് തെറ്റിദ്ധാരണ വെച്ചുപുലർത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഹംഭാവത്തെ തൃപ്തിപ്പെടുത്താൻ സർക്കാറിന് കഴിയില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
കേന്ദ്രമന്ത്രിസഭ യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. റഫാൽ ഇടപാടിെൻറ കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് മന്ത്രിസഭ ചർച്ച ചെയ്തതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അടക്കം മന്ത്രിസഭ യോഗത്തിൽ റഫാൽ ഇടപാടിനെക്കുറിച്ച് വിശദീകരണം നൽകിയിരുന്നു.
റഫാൽ ഇടപാടിെൻറ കാര്യത്തിൽ കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നതെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി. പകർച്ചവ്യാധിപോലെ അതു പറഞ്ഞുപരത്തുകയാണ്. അതു മാധ്യമങ്ങൾ ഏറ്റെടുക്കരുത്. 36 പോർവിമാനം നേരിട്ടു ഫ്രാൻസിൽനിന്നു വാങ്ങുകയാണ്. അതിൽ പൊതുപങ്കാളിത്തമോ സ്വകാര്യ പങ്കാളിത്തമോ ഇല്ല. എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമല്ല.
വിലയുടെ കാര്യത്തിലാണെങ്കിൽ, ഇത്രയും വർഷങ്ങൾക്കിടയിൽ ആനുപാതികമായി ഉണ്ടാകുന്ന വർധനയെക്കാൾ കുറഞ്ഞ വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. വിവരക്കേട് തെളിയിക്കുകയാണ് കോൺഗ്രസ് ഇൗ വിവാദത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.