റഫാൽ: കരാർപ്രകാരമുള്ള സാങ്കേതികവിദ്യ കൈമാറ്റം ഇനിയും നടന്നില്ലെന്ന് സി.എ.ജി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടുപ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട സാങ്കേതികവിദ്യ കൈമാറ്റം ഇനിയും നടന്നിട്ടില്ലെന്ന് പാർലമെൻറിൽ വെച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. 60,000 കോടിയിൽപരം രൂപക്ക് 36 റഫാൽ വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിൽ ആദ്യത്തേത് വ്യോമസേനയുടെ ഭാഗമായിക്കഴിഞ്ഞു.
എന്നിട്ടും, സാങ്കേതിക വിദ്യ കൈമാറ്റത്തിൽ നിർമാണ കമ്പനികൾ വാക്കുപാലിച്ചില്ലെന്നാണ് സി.എ.ജിയുടെ കുറ്റപ്പെടുത്തൽ. കരാർ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട സാങ്കേതികവിദ്യ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയും നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പ്രതിരോധ സാമഗ്രി സമ്പാദന സമിതിയുടെ നിർദേശവും അതാണെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി.
പോർവിമാന നിർമാതാക്കളായ ഫ്രാൻസിെൻറ ദസോ കമ്പനിയും യൂറോപ്യൻ മിസൈൽ നിർമാതാക്കളായ എം.ബി.ഡി.എയുമാണ് സാങ്കേതിക വിദ്യ കൈമാറ്റം വാഗ്ദാനംചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ലഘു പോർവിമാന എൻജിന് (കാവേരി) ആവശ്യമായ സാങ്കേതികവിദ്യ നൽകുന്നതിനാണ് കരാർ.
റഫാൽ വിമാനം വാങ്ങുന്നതിെൻറ ഓഫ്സെറ്റ് ഉപാധിയായിരുന്നു ഇൗ ടെക്നോളജി കൈമാറ്റം. 300 കോടി രൂപയിൽ കൂടുതൽ വരുന്ന പടക്കോപ്പുകൾ ഇറക്കുമതി ചെയ്യാനാണ് കരാറെങ്കിൽ, കരാർ തുകയുടെ 30 ശതമാനത്തിൽ കുറയാത്ത തുക ഇന്ത്യയിൽ നിക്ഷേപിക്കണമെന്നാണ് ഓഫ്സെറ്റ് നയം നിർദേശിക്കുന്നത്. റഫാൽ ഇടപാടിൽ ഇത് 50 ശതമാനമാണ്. റിലയൻസുമായി ചേർന്നുള്ള ദസോയുടെ ഇന്ത്യൻ സംയുക്ത സംരംഭം ഇതിെൻറ ഭാഗമാണ്.
സാങ്കേതിക വിദ്യ കൈമാറാമെന്ന് ദസോ ഏവിയേഷനും എം.ബി.ഡി.എയും 2015 സെപ്റ്റംബറിൽ സമ്മതിച്ചിരുന്നു. അതുപ്രകാരം ആറ് സാങ്കേതിക വിദ്യകളാണ് ഡി.ആർ.ഡി.ഒ ആവശ്യപ്പെട്ടത്. ഇതിൽ അഞ്ചിെൻറ കാര്യത്തിലും മികവ് തങ്ങൾക്കില്ലെന്ന് ഇരു കമ്പനികളും അറിയിച്ചു. ബാക്കിയുള്ള ഒന്നാണ് കാവേരി എൻജിനുവേണ്ടിയുള്ള ടെക്നോളജി കൈമാറ്റം.
ആവശ്യമായ നവീകരണശേഷി ഇല്ലാത്തതുകൊണ്ട് റഫാൽ ഇടപാടുകാർ സാങ്കേതികവിദ്യ നൽകുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് പ്രതിരോധ മന്ത്രാലയം സി.എ.ജിയെ അറിയിച്ചത്. വലിയ തുകയുടെ കരാർ നേടാൻ വലിയ വാഗ്ദാനങ്ങൾ നൽകുന്ന വിദേശ കമ്പനികൾ കരാർ കിട്ടിക്കഴിഞ്ഞാൽ വാക്കു പാലിക്കാറില്ലെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.