പ്രധാനമന്ത്രിയുടെ ഒാഫീസിലുള്ളവരേക്കാൾ യാഥാർഥ്യങ്ങൾ അറിയുന്നവരാണ് ജനങ്ങൾ; ജനാധിപത്യത്തിൽ സംവാദം അനിവാര്യമാണെന്ന് രഘുറാം രാജൻ
text_fieldsചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് തീരുമാനങ്ങൾ കൈകൊള്ളേണ്ടതെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് നമ്മുടെ ആവശ്യങ്ങൾ പൂർത്തികരിക്കാൻ ഒട്ടും പര്യാപ്തമായ നിലയിലല്ലെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് ഏഴ് ശതമാനം സാമ്പത്തിക വളർച്ചയുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അറിയിച്ചിരുന്നു. വില വർധന സംബന്ധിച്ച വിമർശനങ്ങളോട് പ്രതികരിക്കുമ്പോഴാണ് ധനമന്ത്രി വളർച്ച നിരക്ക് ചൂണ്ടികാട്ടിയത്. എന്നാൽ, ഏഴ് ശതമാനം വളർച്ച ഒട്ടും പര്യാപ്തമല്ലെന്നാണ് സാമ്പത്തിക വിദഗ്ധനായ രഘുറാം രാജൻ പറയുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മാത്രമേ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് രക്ഷപ്പെടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ സൃഷ്ടിക്കാൻ കുറുക്കുവഴികളില്ലെന്നും ജനങ്ങളുടെ വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിപോഷിപ്പിക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.
വേണ്ടത്ര കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ തീരുമാനങ്ങൾ കൈകൊള്ളുന്നതാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാണുന്നതെന്നും കേന്ദ്ര സർക്കാറിനെ വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനം, കാർഷിക നിയമങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്. സാധാരണ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഒാഫീസിലിരിക്കുന്നവരേക്കാൾ അടിസ്ഥാന യാഥാർഥ്യങ്ങൾ അറിയാമെന്നും കൂടിയാലോചനകളിലൂടെയാണ് ജനാധിപത്യത്തിൽ തീരുമാനം കൈകൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിനെയും നയങ്ങളെയും ചിലപ്പോൾ വിമർശിക്കേണ്ടിവരും. എന്നാൽ, തുടർച്ചയായി കൈയ്യടിക്കുന്നവർ മാത്രം ശരിയെന്നാണ് ഈ സർക്കാർ കരുതുന്നത്. സർക്കാർ തെറ്റുകളൊന്നും ചെയ്യുന്നില്ലെന്നാണ് അവർ കരുതുന്നത്. എല്ലാം സർക്കാറുകളും തെറ്റ് ചെയ്യുന്നുണ്ടെന്നും അത് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.