അർണബിന് സൈനിക വിവരങ്ങൾ നൽകിയത് ആരെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ വിവാദ മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യോമസേനയുടെ നീക്കം അര്‍ണബിന് അറിയാമെങ്കില്‍ പാകിസ്താനും ഈ വിവരങ്ങള്‍ കിട്ടിക്കാണും. ഔദ്യോഗിക രഹസ്യവിവരങ്ങള്‍ മാധ്യമ പ്രവര്ത്തകന് കൈമാറുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് സ്വീകരിക്കുന്നതും കുറ്റകരമാണ്. പ്രധാനമന്ത്രിയും മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവും രാജ്യത്തിെൻറ സുരക്ഷ കാര്യങ്ങളില്‍ തന്നെ വിട്ടുവീഴ്ച വരുത്തുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെ ആറു പേര്‍ക്ക് മാത്രമാണ് ബാലാകോട്ട് ആക്രമണം സംബന്ധിച്ച് അറിവുണ്ടായിരുന്നതായി പറഞ്ഞിരുന്നത്. അതിനാൽ, ആരാണ് ഈ വിവരം ചോര്ത്തിയതെന്നതിൽ അന്വേഷണം വേണം. ഒരു പക്ഷേ, പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങള്‍ കൈമാറിയതെങ്കില്‍ അന്വേഷണം നടക്കില്ലെന്നും പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രിയോട് അടുപ്പമുള്ള ഏതാനും മുതലാളിമാരാണ് ഇന്ത്യ ഭരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം മൂന്നു നിയമങ്ങള്‍ പിന്‍വലിക്കുക എന്നതു മാത്രമാണ്. കര്‍ഷകരുടെ ദുരവസ്ഥ വിവരിച്ച് കോണ്‍ഗ്രസ് പുറത്തിറക്കിയ ലഘുലേഖ രാഹുൽ പ്രകാശനം ചെയ്തു.
ലോകത്തെ ഏതു തരത്തില്‍ മാറ്റിയെടുക്കണമെന്നതിൽ ചൈനക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യക്ക് ഇല്ലാത്തതും അതാണ്. ഡോക്ലാമിലും ലഡാക്കിലുമായി ചൈന അതു പരീക്ഷിച്ചു കഴിഞ്ഞു. സൈനിക, സാമ്പത്തിക, നയതന്ത്രപരമായി ഇന്ത്യ മറുപടി നല്‍കിയില്ലെങ്കില്‍ ചൈന മിണ്ടാതിരിക്കില്ല. നമുക്ക് നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്കി. നരേന്ദ്ര മോദിയെയോ അല്ലെങ്കിൽ മറ്റാരെയുമോ താൻ ഭയക്കുന്നില്ല. അവര്‍ക്കെന്നെ തൊടാന്‍പോലും കഴിയില്ല. പക്ഷേ, അവര്‍ക്കു തന്നെ വെടിവെക്കാന്‍ കഴിയും. ഞാനൊരു രാജ്യസ്നേഹിയാണ്. രാജ്യത്തെ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.