വേരുകൾ ഇറ്റലിയിൽ; രാഹുലിനും പ്രിയങ്കക്കും രാജ്യത്തെ വികസനം മനസിലാകില്ലെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: രാജ്യത്ത് ജനങ്ങൾ വികസനത്തെകുറിച്ച് സംസാരിക്കുകയാണെന്നും എന്നാൽ രാഹുലിനും പ്രിയങ്കക്കും അത് മനസിലാകാത്തത് അവരുടെ വേരുകൾ ഇറ്റലിയിൽ നിന്നായത് കൊണ്ടാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"എല്ലായിടത്തും ജനങ്ങൾ രാജ്യത്തെ വികസനത്തെ കുറിച്ച് സംസാരിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ഒമ്പത് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളതലത്തിൽ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. കോൺഗ്രസ് മാത്രം നല്ല കാര്യങ്ങളെയൊന്നും കാണില്ല. സഹോദരനും സഹോദരിയും രാജ്യം മുഴുവൻ കറങ്ങി എന്ത് സംഭവിച്ചുവെന്ന് ചോദിക്കും. അവർക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാവില്ല, കാരണം അവരുടെ വേരുകൾ ഇറ്റലിയിൽ നിന്നാണ് ഇന്ത്യയിലല്ല" - ഷാ പറഞ്ഞു.
രാമക്ഷേത്ര നിർമാണം കോൺഗ്രസ് തടയുകയും തടസപ്പെടുത്തുകയും ചെയ്തിരുന്നു. 2019ൽ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കി. അദ്ദേഹം നിശബ്ദനായി പോയി രാമക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടുവെന്നും ജനുവരിയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് കമൽനാഥിനേയും ഷാ വിമർശിച്ചിരുന്നു. കമൽനാഥിന്‍റേയും ദിഗ് വിജയ് സിങ്ങിന്‍റേയും പിന്തുണക്കാർ പരസ്പരം വസ്ത്രം വലിച്ചുകീറാൻ തയ്യാറായി നിൽക്കുകയാണ്. ഐക്യമില്ലാതെ കുടുംബത്തിനായി രാഷ്ട്രീയം നടത്തുന്ന പാർട്ടിക്ക് രാജ്യത്ത് വികസനം കൊണ്ടുവരാൻ സാധിക്കുന്നത് എങ്ങനെയാണെന്നും ഷാ ചോദിച്ചു.
2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി 109 സീറ്റുകൾ നേടിയപ്പോൾ 114 സീറ്റുകൾ നേടി കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചിരുന്നു. ആറ് മന്ത്രിമാരുൾപ്പെടെ 23 കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചതോടെ സർക്കാർ ന്യൂനപക്ഷമായി ചുരുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ 2020ലാണ് കമൽ നാഥ് രാജിവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.