രാഹുൽ നേരിട്ടെത്തി അപ്പീൽ നൽകി; ജാമ്യം ഏപ്രിൽ 13 വരെ നീട്ടി
text_fieldsഅഹ്മദാബാദ്: മാനനഷ്ടക്കേസിലെ വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. രാഹുൽ നേരിട്ടെത്തിയാണ് അപ്പീൽ സമർപ്പിച്ചത്. സൂറത്ത് സി.ജെ.എം കോടതിയുടെ ശിക്ഷാ വിധിയും കുറ്റക്കാരനെന്ന വിധിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. പ്രിയങ്ക ഗാന്ധിയക്കമുള്ള നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സൂറത്തിലെത്തിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗേൽ, സുഖ്‌വീന്ദർ സിങ് സുഖു എന്നിവർ ചേർന്ന് സ്വീകരിച്ചു. വൈകീട്ട് മൂന്നോടെയാണ് സെഷൻസ് കോടതിയിൽ ഹാജരായി അപ്പീൽ നൽകിയത്.
ഹരജി പരിഗണിച്ച കോടതി, രാഹുൽ ഗാന്ധിയുടെ ജാമ്യം ഏപ്രിൽ 13 വരെ നീട്ടി. 13ന് ഹരജി വീണ്ടും പരിഗണിക്കും. അന്ന് നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു. രാഹുലിന്റെ ഹരജിയിൽ ഏപ്രിൽ 10നകം പ്രതികരണം അറിയിക്കാൻ പരാതിക്കാരനോടും കോടതി നിർദേശിച്ചു. നേരത്തെ മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നൽകിയിരുന്നു. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷൻസ് കോടതി നീട്ടി നൽകിയത്.
എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ 2019ലെ കർണാടകയിലെ കോലാറിലെ പ്രസംഗത്തിനെതിരെ ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തിരുന്നു.
‘കോൺഗ്രസ് പേടിപ്പിക്കാൻ നോക്കുന്നു’
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ വിധിക്കെതിരെ അപ്പീൽ നൽകാൻ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശക്തിപ്രകടനമായി സൂറത്ത് ജില്ല കോടതിയിലേക്ക് പോയി കോൺഗ്രസ് കോടതിയെ പേടിപ്പിക്കാൻ നോക്കുകയാണെന്നും എന്നാൽ അതുകൊണ്ടൊന്നും കോടതി പേടിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെതിരെയും പി. ചിദംബരത്തിനെതിരെയും കോടതി വിധികൾ വന്നപ്പോൾ പ്രതിഷേധം പ്രകടിപ്പിക്കാതിരുന്ന കോൺഗ്രസ് ഒരു കുടുംബത്തിനും ഒരു നേതാവിനും വേണ്ടി മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും കിരൺ റിജിജു പറഞ്ഞു.
സത്യമാണ് തന്റെ ആയുധവും അഭയവും -രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സത്യമാണ് തന്റെ ആയുധവും അഭയവും എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തിക്കേസില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം നീട്ടിനല്‍കിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഏപ്രില്‍ 13 വരെയാണ് ജാമ്യകാലാവധി നീട്ടിയത്. ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ഈ പോരാട്ടത്തില്‍ സത്യമാണ് തന്റെ ആയുധവും അഭയവുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിച്ചതിനെതിരെ തിങ്കളാഴ്ചയായിരുന്നു രാഹുല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പമായിരുന്നു രാഹുല്‍ കോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.