സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മോദി ഇപ്പോഴും ലജ്ജാകരമായ മൗനം പാലിക്കുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: ജെ.ഡി (എസ്) നേതാവ് പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാക്രമണ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ രാഷ്ട്രീയ കുടുംബത്തിന്‍റെ ഭാഗമാകുന്നത് കുറ്റവാളികൾക്കുള്ള സംരക്ഷണമാണോയെന്ന് രാഹുൽ ചോദിച്ചു.
കർണാടകയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ എല്ലായ്‌പ്പോഴും എന്നപോലെ നരേന്ദ്ര മോദി ലജ്ജാകരമായ മൗനം പാലിക്കുകയാണ്. എല്ലാം അറിഞ്ഞിട്ടും നൂറുകണക്കിന് പെൺമക്കളെ ചൂഷണം ചെയ്ത പിശാചിന് വേണ്ടി അദ്ദേഹം എന്തിനാണ് വോട്ടിന് വേണ്ടി പ്രചാരണം നടത്തിയത്?, ഇത്രയും വലിയ കുറ്റവാളി എങ്ങനെയാണ് രാജ്യത്ത് നിന്ന് ഇത്ര എളുപ്പത്തിൽ രക്ഷപ്പെട്ടത്? -ഇതിനെല്ലാം പ്രധാനമന്ത്രി ഉത്തരം പറയേണ്ടിവരും -രാഹുൽ പറഞ്ഞു.
കൈസർഗഞ്ച് മുതൽ കർണാടക വരെയും, ഉന്നാവോ മുതൽ ഉത്തരാഖണ്ഡ് വരെയും പെൺമക്കളോട് ക്രൂരത ചെയ്യുന്നവർക്ക് പ്രധാനമന്ത്രി നൽകുന്ന നിശബ്ദ പിന്തുണ രാജ്യത്തുടനീളമുള്ള കുറ്റവാളികൾക്ക് ധൈര്യം നൽകുന്നതാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണക്കും പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചു. അച്ഛനോടും മകനോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിക്കിടെ പിതാവും മകനും ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് ഇരുവരുടെയും വീട്ടിലെ മുൻ പാചകക്കാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്. പ്രജ്വൽ രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകൾ പുറത്തുവന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് വീട്ടുജോലിക്കാരിയുടെ പരാതിയിലെ കേസിൽ സമൻസ് അയച്ചിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മരുമകനുമാണ് പ്രജ്വൽ. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാർട്ടി നേതാക്കള്‍ അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു. പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ തിരിച്ചടിയാകുമെന്നും 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.