കുടിയേറ്റ തൊഴിലാളികളെ സഹായിക്കാത്ത മോദിയും നിതീഷും ഇപ്പോൾ വോട്ട് തേടുന്നു -രാഹുൽ ഗാന്ധി
text_fieldsകാത്തിഹാർ: ബിഹാർ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണവേദിയിൽ കുടിയേറ്റക്കാരുടെ വിഷയം ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. കോവിഡിനെതിരായ ലോക്ഡൗൺ കാലത്ത് ബിഹാറിലെ കുടിയേറ്റ തൊഴിലാളികൾ വലിയ ബുദ്ധിമുട്ടുകൾ സഹിച്ചെന്നും സമയോചിതമായ ഒരു ഇടപെടലും കേന്ദ്രവും ബിഹാർ സർക്കാറും നടത്തിയില്ലെന്നും രാഹുൽ പറഞ്ഞു.
മാർച്ചിൽ പ്രഖ്യാപിച്ച ആദ്യത്തെ ലോക്ഡൗണിൽ ലക്ഷക്കണക്കിന് ആളുകൾക്ക് വളരെ ദൂരം കാൽനടയായി യാത്ര ചെയ്യേണ്ടി വന്നു. കോറോണ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികൾ മുംബൈ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പോയത് ഓർക്കണം. അവരെ സഹായിക്കാനും ഭക്ഷണവും വെള്ളവും നൽകാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞെങ്കിലും അദ്ദേഹം അത് നൽകിയില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.
കുടിയേറ്റ തൊഴിലാളികൾക്ക് വീടുകളിലെത്താൻ സർക്കാർ പൊതുഗതാഗതം ലഭ്യമാക്കിയില്ല. എന്നാൽ, കോൺഗ്രസ് പാർട്ടിയാണ് തൊഴിലാളികൾക്ക് സ്വന്തം വീട്ടിലെത്താൻ ബസ് സൗകര്യം ഒരുക്കിയത്. ഞങ്ങൾ സർക്കാറിൽ ഇല്ലാത്തതിനാൽ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് സഹായം നൽകാൻ കഴിഞ്ഞില്ല, പക്ഷേ ഞങ്ങൾക്ക് കഴിയുന്ന രീതിയിൽ സഹായിച്ചെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
നിങ്ങൾ അഭ്യർഥിച്ചപ്പോൾ മോദിയും നിതീഷും നിങ്ങളെ സഹായിച്ചില്ല. ഇന്ന് അവർ നിങ്ങളിൽ നിന്ന് വോട്ട് ചോദിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അവർ എവിടെയായിരുന്നുവെന്നും രാഹുൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.