മണിപ്പൂരിന്റെ വേദന തൊട്ടറിഞ്ഞ് രാഹുൽ
text_fieldsഇംഫാൽ: ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ സംഘർഷബാധിതമായ മണിപ്പൂരിലെ ആദ്യ സന്ദർശനം സംഭവബഹുലമാക്കി രാഹുൽ ഗാന്ധി. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹം നിരാലംബരായ ജനങ്ങളുടെ കണ്ണീരൊപ്പി.
മണിപ്പൂർ കലാപത്തിന്റെ പേരിൽ പ്രതിപക്ഷം കേന്ദ്ര സർക്കാറിനെതിരെ പാർലമെന്റിലും പുറത്തും ആക്രമണം ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ സന്ദർശനം.
അസമിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ചശേഷം തിങ്കളാഴ്ച മണിപ്പൂരിലെത്തിയ രാഹുൽ ജിരിബാം ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ആദ്യമെത്തിയത്. ഒരു വർഷം മുമ്പ് തുടങ്ങിയ വംശീയ കലാപത്തിന്റെ മുറിപ്പാടുകൾ പേറുന്ന ദുരിതബാധിതരുടെ അവസ്ഥ അദ്ദേഹം നേരിൽ കണ്ടു. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തിയ രാഹുൽ, ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.
തുടർന്ന്, സിൽചാറിൽനിന്ന് വിമാനമാർഗം ഇംഫാലിലെത്തിയ അദ്ദേഹം റോഡ് മാർഗം ചുരാചാന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ഒ. ഇബോബി സിങ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ തങ്ങളെ കാണാൻ എത്തിയില്ലെന്ന് ക്യാമ്പിലെ ഒരു പെൺകുട്ടി രാഹുൽ ഗാന്ധിയോട് പരാതിപ്പെട്ടതായി കെയ്ഷാം മേഘചന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയം പാർലമെന്റിൽ ഉന്നയിക്കണമെന്നും പെൺകുട്ടി അഭ്യർഥിച്ചു.
അതിനിടെ, രാഹുലിന്റെ സന്ദർശനത്തിന് മുമ്പ് ജിരിബാം ജില്ലയിലെ ഗുലാർത്തലിൽ വെടിവെപ്പുണ്ടായി. പുലർച്ച 3.30ഓടെയാണ് പ്രദേശത്തെ മെയ്തേയ് വിഭാഗത്തെ ലക്ഷ്യമിട്ട് വെടിവെപ്പുണ്ടായത്. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. രാവിലെ ഏഴുവരെ വെടിവെപ്പ് തുടർന്നു.
നേരത്തേ അസമിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. പാർലമെന്റിൽ അസം ജനതയുടെ പടയാളിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. കച്ചാർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും വെള്ളപ്പൊക്ക കെടുതികൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വടക്കുകിഴക്കൻ ജല മാനേജ്മെന്റ് അതോറിറ്റി രൂപവത്കരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പ്രളയത്തിൽ 60ലധികം പേർക്ക് ജീവൻ നഷ്ടമാവുകയും 53,000ലധികം പേർ ഭവനരഹിതരാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.