ഹരജിക്കാരൻ ‘മോദി’ ആയിരുന്നില്ല; പരമാവധി ശിക്ഷ നൽകേണ്ട കേസല്ല -മനു സിങ്വി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേസിൽ ഹരജി നൽകിയ പൂർണേഷ് മോദിയുടെ യഥാർഥ പേരിൽ മോദി ഇല്ലെന്നും അത്തരമൊരു കേസിൽ പരമാവധി ശിക്ഷ അർഹിക്കുന്നില്ലെന്ന വാദവുമാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് രാജ്യസഭാ എം.പിയുമായ അഭിഷേക് മനു സിങ്വി സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഏറെക്കാലം വെച്ചുതാമസിപ്പിച്ച ഹരജി പൊടുന്നനെ പരിഗണിച്ച കോടതി കീഴ്വഴക്കങ്ങളെല്ലാം തെറ്റിച്ച് പരമാവധി ശിക്ഷ നൽകിയത് അയോഗ്യനാക്കാൻ വേണ്ടി മാത്രമാണെന്ന സിങ്വിയുടെ വാദം സുപ്രീംകോടതി മുഖവിലക്കെടുക്കുകയും ചെയ്തു. ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി ‘മോധ് വാണിക’ വിഭാഗക്കാരനാണെന്നും സിങ്വി ബോധിപ്പിച്ചു.
നിരവധി ജാതിക്കാർക്ക് മോദി എന്ന കുലനാമമുണ്ട്. മോദി വിഭാഗക്കാർ 13 കോടിയുണ്ടെന്നാണ് പറയുന്നതെങ്കിലും രാഹുൽ ഗാന്ധിക്കെതിരായ 13 പരാതിക്കാർ ബി.ജെ.പിക്കാരാണെന്ന് അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി. തെളിവ് നിയമ പ്രകാരമുള്ള തെളിവ് കിട്ടാതെയായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. ഹരജിക്കാരൻ ടേപ്പോ, പത്രവാർത്തയോ ഒന്നും ഹാജരാക്കിയില്ല. ഒന്നേമുക്കാൽ വർഷം കഴിഞ്ഞ് ദൃക്സാക്ഷിയായി ഹാജരാക്കിയത് ബി.ജെ.പി സാംസ്കാരിക വകുപ്പ് തലവനെയാണ്. പരമാവധി ശിക്ഷ നൽകണമെങ്കിൽ കുറ്റക്കാരനാണെന്ന് വിധിച്ച ശേഷം ശിക്ഷക്ക് മേലുള്ള വാദം നടത്തണം. രാഹുലിന്റെ കാര്യത്തിൽ അതുണ്ടായില്ല. പരമാവധി ശിക്ഷ രണ്ട് വർഷമായ ഒരു കുറ്റകൃത്യത്തെയാണ് ഗൗരവമേറിയ കുറ്റകൃത്യമാണ് എന്ന് വിശേഷിപ്പിച്ചത്.
ഹരജിക്കാരൻപോലും ആരോപിക്കാത്ത കുറ്റകൃത്യം ഹൈകോടതി രാഹുലിന് മേൽ ചാർത്തി. രാഹുൽ കുറ്റകൃത്യം പതിവാക്കിയ ആളാണെന്ന വാദം തള്ളിയ സിങ്വി രാഹുലിനെതിരെ ബി.ജെ.പിക്കാർ നൽകിയ 13 കേസുകളിൽ ഒന്നുപോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.