മോദി ഭരണത്തിനെതിരെ രാഹുലിന്‍റെ ജൻ ആക്രോശ് റാലി ഇന്ന്; സോണിയ പങ്കെടുക്കും
text_fieldsന്യൂഡൽഹി: മോദി ഭരണത്തിനെതിരെ കലാപമുയർത്തി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യ തലസ്ഥാനത്ത് ജൻ ആക്രോശ് റാലി. രാഹുൽ പാർട്ടി പ്രസിഡന്‍റായിതിന് ശേഷം തലസ്ഥാനത്ത് നടക്കുന്ന ആദ്യ റാലിയെന്ന പ്രത്യേകത കൂടി ഈ റാലിക്കുണ്ട്. ഡൽഹിയിലെ രാം ലീല മൈതാനിയിലാണ് റാലി സംഘടിപ്പിക്കുന്നത്.
ആസന്നമായ കർണാടക തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടക്കുന്ന റാലിയിൽ വിഭാഗീയ രാഷ്ട്രീയത്തിനെതിരെയും വാഗ്ദാനം നൽകി വഞ്ചിച്ചതിനെതിരെയും രാഹുൽ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക അവസ്ഥ, സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങൾ, ദലിതർക്ക് നേരെയുള്ള അക്രമങ്ങൾ എന്നിവയെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കും.
മുൻ പ്രസിഡന്‍റ് സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരും റാലിയിൽ സംസാരിക്കും. മോദി ഭരണത്തിനെതിരെ ദരിദ്രർ, വൃദ്ധർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തുറയിലുള്ളവർരുടെ പ്രതിഷേധമാണിത്. അതിനാലാണ് ജൻ ആക്രോശ് റാലി എന്ന് പേരിട്ടിരിക്കുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി അശോക് ഗെഹ് ലോട്ട് പറഞ്ഞു.
കോൺഗ്രസിന്‍റെയും ഇന്ത്യയുടേയും ചരിത്രത്തിൽ മറക്കാനാവാത്ത് ദിവസമായിരിക്കും ഇതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. മാറ്റത്തിന്‍റെ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്ന ദിനത്തിൽ റാലിയിൽ സംബന്ധിക്കുന്നതിനായി മുഖ്യമന്ത്രിമാരും മുൻമുഖ്യമന്ത്രിമാരും എം.പിമാരും എം.എൽഎമാരും സംസ്ഥാന പ്രസിഡന്‍റുമാരും റീലിയിൽ സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.