ചമ്പാരൻ ആട്ടിറച്ചി പാചകം ചെയ്ത് രാഹുൽ ഗാന്ധിയും ലാലു പ്രസാദും; വൈറലായി വിഡിയോ
text_fields2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്തി നേരിടാനുള്ള തീവ്രശ്രമങ്ങളാണ് കോൺഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ നടക്കുന്നത്. 26 കക്ഷികൾ ഇതിനകം പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിൽ അണിചേർന്നു കഴിഞ്ഞു. മുംബൈയിൽ ഇന്നലെ നടന്ന ഇൻഡ്യ മുന്നണിയുടെ നിർണായക യോഗത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ രാഹുലും ലാലു പ്രസാദ് യാദവും ചമ്പാരൻ ആട്ടിറച്ചി പാചകം ചെയ്യുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഡൽഹിയിലെ ലാലുവിന്‍റെ വീട്ടിൽ രാഹുൽ സന്ദർശനത്തിനെത്തിയപ്പോഴുള്ള വിഡിയോയാണ് പുറത്തുവിട്ടത്.
മൂന്നാം തവണയാണ് രാഹുൽ ഗാന്ധി ലാലു പ്രസാദ് യാദവിനെ വസതിയിൽ സന്ദർശിക്കുന്നത്. മോദി കുടുംബപ്പേര് കേസിൽ രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്ത ആഗസ്ത് നാലിനാണ് വിഡിയോ ചിത്രീകരിച്ചത്. അന്ന് ചിത്രങ്ങൾ രാഹുൽ പങ്കുവെച്ചിരുന്നെങ്കിലും ഇന്നാണ് വിഡിയോ പുറത്ത് വിടുന്നത്. വീഡിയോയിൽ കാണുന്നത് പോലെ, രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധിക്കും പാചകം ചെയ്ത ഭക്ഷണം ആവശ്യപ്പെടുന്നതായി കാണാം. ഇത് പ്രിയങ്കയ്ക്ക് വീട്ടിൽ ഇഷ്ടമായിരുന്നെന്നും രാഹുൽ പറയുന്നു. ചമ്പാരൻ ആട്ടിറച്ചിയിൽ നിന്ന് അൽപ്പം പ്രിയങ്കയ്ക്ക് വേണ്ടി എടുത്തില്ലെങ്കിൽ താൻ പ്രതിസന്ധിയയിലാവുമെന്നും രാഹുൽ ഗാന്ധി വിഡിയോയിൽ പറയുന്നുണ്ട്.
ലാലുവിന്‍റെ മകൾ മിസാ ഭാരതി വിളമ്പിയ ഭക്ഷണം രാഹുൽ ഗാന്ധി കഴിച്ചപ്പോൾ ആട്ടിറച്ചി ബീഹാറിൽ കൊണ്ടുവന്നതാണെന്ന് ലാലു പ്രസാദ് യാദവ് പറയുന്നുണ്ട്. അവർ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ, തനിക്ക് തായ് ഭക്ഷണം ഇഷ്ടമാണെന്ന് ലാലു യാദവ് പറഞ്ഞു. 'രാഷ്ട്രീയം പോലെ' പലതും കലർന്ന സോം താം സാലഡ് പ്രിയങ്ക ഉണ്ടാക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലാലുവിന്‍റെ രാഷ്ട്രീയ വിവേകത്തെ താൻ ബഹുമാനിക്കുന്നെനും രാഹുൽ ഗാന്ധി വിഡിയോയിൽ പറയുന്നുണ്ട്.
എന്താണ് രാഷ്ട്രീയത്തിന്‍റെ മസാലയെന്ന് ലാലു പ്രസാദ് യാദവിനോട് രാഹുൽ ഗാന്ധി ചോദിക്കുന്നു. മറുപടിയായി,"അനീതിക്കെതിരെ പോരാടുക, പോരാടുക. ഇതാണ് രാഷ്ട്രീയത്തിന്റെ മസാല," ലാലു പ്രസാദ് യാദവ് പറയുന്നു. രാഹുൽ ഗാന്ധിക്ക് പാചകം ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന്, യൂറോപ്പിൽ തനിച്ചായിരിക്കുമ്പോഴാണ് താൻ അടിസ്ഥാന പാചകം പഠിച്ചതെന്നും എന്നാൽ വിദഗ്ധനല്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് രണ്ടുപേരും സൗഹൃദ സംഭാഷണം ആസ്വദിക്കുന്നത് പ്രകടമാകും. നിരവധി പേരാണ് രാഹുലിന്‍റെ വിഡിയോ ഷെയർ ചെയ്യുന്നത്. വിഡിയോ യൂട്യൂബിൽ വൈറലായി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.