അമിത്ഷാക്കെതിരായ പ്രസ്താവന: രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി; ആഗസ്റ്റ് 12ന് കേസ് വീണ്ടും പരിഗണിക്കും
text_fieldsന്യൂഡൽഹി: അമിത്ഷാക്കെതിരായ പ്രസ്താവനയുടെ പേരിൽ മാനനഷ്ടക്കേസിൽ പ്രതി ചേർക്കപ്പെട്ട ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരായി. പതിനായിരകണക്കിന് പാർട്ടി അനുയായികളാണ് അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ച് കോടതി പരിസരത്ത് നിലയുറപ്പിച്ചത്. കേസ് പരിഗണിച്ച കോടതി, ആഗസ്റ്റ് 12ന് അടുത്ത വാദം കേൾക്കും. അന്നും രാഹുൽ ഹാജരാകണം.
2018 ഓഗസ്റ്റ് 4 ന് ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന വിജയ് മിശ്രയാണ് സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയിൽ രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗളൂരുവിൽ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ നടത്തിയ പരാമർശമാണ് കേസിനാധാരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ‘ബിജെപിയുടെ അധ്യക്ഷൻ കൊലക്കേസ് പ്രതിയാണെന്നത് ഇന്ത്യയിലെ ജനങ്ങൾ മറക്കുന്നു. അതാണ് സത്യം. കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട ഒരാൾ പ്രസിഡന്റായ പാർട്ടിയാണ് സത്യസന്ധതയെക്കുറിച്ച് സംസാരിക്കുന്നത്’ -2005ൽ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വധക്കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം.
രാഹുൽ ഗാന്ധിയെ ഉപദ്രവിക്കാൻ രാജ്യത്തുടനീളം 30ഓളം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലും പ്രതിച്ഛായ തകർക്കാനുമാണ് കേസുകൾ. രാഹുൽ ഗാന്ധി ആരോപണങ്ങൾ നിഷേധിച്ചതായി പരാതിക്കാരൻ്റെ അഭിഭാഷകൻ അഡ്വ. സന്തോഷ് കുമാർ പാണ്ഡെ പറഞ്ഞു. ആഗസ്റ്റ് 12 ന് തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.