ബൈക്ക് മെക്കാനിക്കായി രാഹുൽ ഗാന്ധി; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലെ പൊതുജന സമ്പർക്ക പരിപാടികൾ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹി കരോൾ ബാഗിലെ ബൈക്ക് വർക്ഷോപ്പുകൾ സന്ദർശിച്ച് ജീവനക്കാരുമായി സംസാരിച്ച അദ്ദേഹം, അവർക്കൊപ്പം നിലത്തിരുന്ന് പ്രവൃത്തികളിൽ പങ്കാളിയാകുകയും അവരുടെ പ്രയാസങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ഭാരത് ജോഡോ യാത്രക്ക് പിന്നാലെ ആരംഭിച്ച സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിലെ വർക്ഷോപ്പിൽ എത്തിയത്. നേരത്തെ ട്രക്ക് ഡ്രൈവര്‍മാർക്കൊപ്പം യാത്ര ചെയ്തും രാഹുൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കരോൾ ബാഗ് സൈക്കിൾ മാർക്കറ്റിലെ കച്ചവടക്കാരുമായും രാഹുൽ ആശയവിനിമയം നടത്തി. കോൺഗ്രസ് നേതാവിനെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
ചിത്രങ്ങൾ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഈ കൈകൾ ഇന്ത്യയെ നിർമിക്കുന്നു. ഈ വസ്ത്രങ്ങളിലെ അഴുക്കുകളിൽ നമുക്ക് അഭിമാനിക്കാം. ഇത്തരം കൈകൾക്ക് പ്രോത്സാഹനം നൽകാൻ പ്രവർത്തിക്കാം’ എന്നിങ്ങനെ വർക്ഷോപ്പ് തൊഴിലാളികളെ പിന്തുണച്ചുകൊണ്ടായിരുന്നു ഹിന്ദിയിലുള്ള ട്വീറ്റ്. 'ഭാരത് ജോഡോ യാത്ര' തുടരുന്നു... എന്നും കുറിപ്പിലുണ്ട്.
റമദാൻ കാലത്ത് ഓൾഡ് ഡൽഹിയിലെ മതിയ മഹൽ മാർക്കറ്റും ബംഗാളി മാർക്കറ്റും സന്ദർശിച്ചിരുന്ന രാഹുൽ അവിടുത്തെ പ്രധാന വിഭവങ്ങൾ രുചിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.