രാഹുലിന് നേരെയുള്ള അക്രമം ബി.ജെ.പി ഭീകരതയെന്ന് ലോക്സഭയിൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്തിൽ നടന്ന ബി.ജെ.പി അക്രമത്തെ ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുന ഖാർഗെയാണ് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കശ്മീരിലെ ജനങ്ങൾ കല്ലെറിയുമ്പോൾ ഭീകരർ കല്ലെറിയുന്നു എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അത്തരത്തിലുള്ള ഭീകരതയാണ് ഗുജറാത്തിലെ ബി.ജെ.പി അംഗങ്ങൾ രാഹുൽ ഗാന്ധിക്ക് നേരെ അഴിച്ചുവിട്ടത്. രാഹുലിനെ കല്ലെറിഞ്ഞ് കൊല്ലാനുള്ള ശ്രമമാണ് ഗുജറാത്തിൽ നടന്നത്. ആക്രമണം നടന്നപ്പോൾ വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ജനങ്ങളുടെ കണ്ണീരൊപ്പാനാണ് രാഹുൽ ഗുജറാത്തിലേക്ക് പോയതെന്നും ഖാർഗെ വ്യക്തമാക്കി.
രാഹുലിന്‍റെ സന്ദർശനത്തിന് മുമ്പുതന്നെ എസ്.പി.ജി ഉദ്യോഗസ്ഥർ വേണ്ട സുരക്ഷ ഒരുക്കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സഭയെ അറിയിച്ചു. ഏതുവിധത്തിലുള്ള സുരക്ഷാ സംവിധാനം വേണമെന്ന് ആഗസ്റ്റ് മൂന്നാം തീയതി സംസ്ഥാന സർക്കാരുമായി എസ്.പി.ജി ചർച്ച നടത്തിയിരുന്നു. 200 അംഗ പൊലീസ് സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനവും ഒരുക്കി. എന്നാൽ, മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യൂവെന്നായിരുന്നു രാഹുൽ പറഞ്ഞത്. എസ്.പി.ജി സുരക്ഷയുള്ള ആൾ ബുള്ളറ്റ് പ്രൂഫ് കാർ തന്നെ ഉപയോഗിക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.