അമ്മയും മകനും പാർട്ടി നടത്തുന്നു, മകളും മരുമകനും സ്വത്ത് കൈകകാര്യം ചെയ്യുന്നു, കോൺഗ്രസിനെ വിമർശിച്ച് നിർമല
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയേയും കോൺഗ്രസിനേയും പാർലമെന്‍റിൽ രൂക്ഷ വിമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അമ്മയും മകനും (സോണിയ, രാഹുൽ) പാർട്ടി നടത്തുമ്പോൾ മകളും മരുമകനും (പ്രിയങ്ക, റോബർട്ട് വാദ്ര) സ്വത്ത് കൈകാര്യം ചെയ്യുകയാണ് എന്ന് നിർമല പരിഹസിച്ചു. രാഹുലിന്റെ 'നമ്മൾ രണ്ട്, നമ്മുടെ രണ്ട്' പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ. ബജറ്റ് കോർപറേറ്റ് താത്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നത് എന്നായിരുന്നു രാഹുലിന്‍റെ ആരോപണം.
'നമ്മൾ രണ്ട്, നമ്മുടെ രണ്ട് എന്നതിന്റെ അർഥം രണ്ടു പേർ പാർട്ടി നടത്തുന്നു. മറ്റു രണ്ടു പേർ, മകളും മരുമകളും അവരെ നോക്കുന്നു എന്നാണ്. നമുക്കത് വേണ്ട. ഒരു വർഷത്തിനിടെ അമ്പത് ലക്ഷം തെരുവു കച്ചവടക്കാർക്കാണ് നാം പതിനായിരം രൂപ വച്ച് നൽകിയത്. അവർ ആരുടെയും ഉറ്റമിത്രമല്ല' നിർമല പറഞ്ഞു.
നമ്മളുടെ സുഹൃത്തുക്കൾ രാജ്യത്തെ സാധാരണ ജനങ്ങളാണ്. എവിടെയാണ് കോർപറേറ്റ് സുഹൃത്തുക്കൾ? അവർ ജനം നിരാകരിച്ച ഒരു പാർട്ടിയുടെ നിഴലിൽ ഒളിച്ചിരിക്കുകയാണ്. അവർ ടെണ്ടറുകളില്ലാതെയാണ് തുറമുഖങ്ങൾ സ്വകാര്യകമ്പനികൾക്ക് കൈമാറിയത്- മന്ത്രി ആരോപിച്ചു.
ഡൂംസ്‌ഡേ മാൻ ഓഫ് ഇന്ത്യ -ഇന്ത്യയുടെ അന്തകൻ എന്ന് വിളിച്ചാണ് നിർമല രാഹുലിനെ പരിഹസിച്ചത്. കർഷക സമരം, ഇന്ത്യ-ചൈന അതിർത്തി തർക്കം എന്നീ വിഷയങ്ങളിൽ രാഹുൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ധനമന്ത്രി നൽകിയത്.
രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നില്ല? അവരുടെ തെരഞ്ഞെടുപ്പ വാഗ്ദാനമായിരുന്നില്ലേ അത്? നിർമല ചോദിച്ചു.
വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം വ്യാജമായ ആഖ്യാനങ്ങൾ ഉണ്ടാക്കുകയാണ് എന്നും നിർമല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.