ഉദ്യോഗാർഥികളുടെ മരണം സംവിധാനത്തിന്‍റെ കൂട്ട പരാജയമെന്ന് രാഹുൽ; ‘പൗരന്‍റെ സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്തമാണ്’
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് ഉദ്യോഗാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംവിധാനത്തിന്‍റെ കൂട്ട പരാജയമാണിതെന്നും ഓരോ പൗരന്‍റെയും സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച സംവിധാനത്തിന്‍റെ കൂട്ടായ പരാജയമാണ്. സുരക്ഷിതമല്ലാത്ത നിർമാണത്തിലും മോശം നഗരാസൂത്രണത്തിലും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയിലും സാധാരണ പൗരൻ ജീവൻ നഷ്ടപ്പെടുത്തി വില കൊടുക്കുകയാണ്. സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഓരോ പൗരന്‍റെയും അവകാശവും സർക്കാരുകളുടെ ഉത്തരവാദിത്തവുമാണ്.
ഉദ്യോഗാർഥികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് നിർഭാഗ്യകരമാണ്. ദിവസങ്ങൾക്ക് മുമ്പ് മഴക്കിടെ വൈദ്യുതാഘാതമേറ്റ് ഒരു വിദ്യാർഥി മരിച്ചിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
കനത്ത മഴക്ക് പിന്നാലെയാണ് ഡൽഹി ഓൾഡ് രാജേന്ദ്രർ നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങുകയായിരുന്നു.
മലയാളി അടക്കം മൂന്ന് ഉദ്യോഗാർഥികൾ മുങ്ങി മരിച്ചു. ലൈബ്രറിയില്‍ ഉണ്ടായിരുന്ന 45 ഉദ്യോഗാർഥികളിൽ രണ്ടു വിദ്യാർഥികളെ കാണാതായിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് ഉദ്യോഗാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഓടകൾ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിന് മുമ്പിൽ ഉദ്യോഗാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് കെട്ടിട ഉടമയെയും കോഓർഡിനേറ്ററെയും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.