ഹൈദരാബാദിൽ ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ‘കൊലപാതക’മെന്ന് രാഹുൽഗാന്ധി
text_fieldsന്യൂഡൽഹി: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന 23 കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തെലങ്കാനയിലെ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. യുവാക്കളുടെ അഭിലാഷങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ ബി.ജെ.പിയും ബി.ആർ.എസും ചേർന്ന് നശിപ്പിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഹൈദരബാദിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് എക്‌സിൽ എഴുതിയ പോസ്റ്റിൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞദിവസമാണ് 23 കാരിയായ യുവതി ഹൈദരാബാദിലെ അശോക് നഗറിലെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി യുവതിയുടെ മരണവാർത്ത പുറത്തുവന്നയുടൻ നിരവധി വിദ്യാർത്ഥികൾ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുകയും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ആത്മഹത്യയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഞെട്ടലും വേദനയും രേഖപ്പെടുത്തി. തെലങ്കാനയിലെ യുവാക്കൾ അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരുമായ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ മാതാപിതാക്കൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തതിൽ യുവതി ക്ഷമാപണം നടത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.