മോദിയെ അസഭ്യം പറയുകയും രാജ്യത്തെ അപകീർത്തിപ്പെടുത്തുകയുമാണ് രാഹുലിന്റെ ഏക ജോലി -കിരൺ റിജിജു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾക്കെതിരെ കേന്ദ്ര മന്ത്രി കിരൺ റിജിജു. സാധാരണക്കാരൻ പ്രധാനമന്ത്രിയായത് രാഹുൽ ഗാന്ധിക്ക് ദഹിക്കുന്നില്ലെന്ന് കിരൺ റിജിജു ആരോപിച്ചു.
മോദിയെ അസഭ്യം പറയുകയും പോകുന്നിടത്തെല്ലാം രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുകയാണ് രാഹുലിന്റെ ഏക ജോലി. എന്തുകൊണ്ടാണ് അദ്ദേഹം മോദിയെ ഇത്രയധികം വെറുക്കുകയും രാജ്യത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല.
ഒരു സാധാരണക്കാരന് സങ്കൽപിക്കാവുന്നതിലും അപ്പുറമാണ് ഈ രാജ്യം തന്റെ കുടുംബത്തിന് എല്ലാം നൽകിയതെന്ന് രാഹുൽ അറിയണം. ഒരു സാധാരണക്കാരൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് രാഹുലിന് ദഹിക്കാനാവില്ല. ആരും രാഹുലിനെ കാര്യമായി എടുക്കുന്നില്ലെന്നും കിരൺ റിജിജു വ്യക്തമാക്കി.
മോദിയെയും ബി.ജെ.പിയെയും വിമർശിച്ച രാഹുലിനെതിരെ കഴിഞ്ഞ ദിവസം കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രിയുമായ അനുരാഗ് സിങ് ഠാകുർ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി വിദേശയാത്രകളിൽ ഇന്ത്യയെ നിന്ദിക്കുകയാണെന്നും വിദേശ നേതാക്കളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടുന്ന പ്രശംസ അദ്ദേഹത്തിന് ദഹിക്കുന്നില്ലെന്നുമാണ് ഠാകുർ വിമർശിച്ചത്.
കഴിഞ്ഞ വിദേശ യാത്രയിൽ പ്രധാനമന്ത്രി 24 രാഷ്ട്രങ്ങളുടെ പ്രധാനമന്ത്രിമാരെയും പ്രസിഡന്റുമാരെയും കണ്ടു. മോദിയുടെ കാൽ തൊട്ടാണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി വന്ദിച്ചത്. ഇത് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ദഹിക്കുന്നില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴെല്ലാം പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ആത്മാവ് അദ്ദേഹത്തിൽ പ്രവേശിക്കുകയാണെന്നായിരുന്നു മുൻ ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.